ഡീഗോ മറഡോണ
ബുവനോസ് ആരിസ്: അർജന്‍റൈൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ മരണ സമയത്ത് ചികിത്സിച്ച മെഡിക്കൽ ടീമിലെ ഏഴ് അംഗങ്ങൾക്കെതിരേ വിചാരണ ആരംഭിച്ചു. നരഹത്യാക്കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. മറഡോണയുടെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയ ഡോക്‌റ്റർ, സൈക്യാട്രിസ്റ്റ്, നഴ്സുമാർ എന്നിവർ വിചാരണ നേരിടുന്നവരിൽ ഉൾപ്പെടുന്നു.
2020ൽ അറുപതാം വയസിലാണ് മറഡോണ ലോകത്തോട് വിടപറഞ്ഞത്. ചികിത്സയിലെ അനാസ്ഥയാണ് ഫുട്ബോൾ ഇതിഹാസത്തിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു.
അർജന്‍റീനയുടെ തലസ്ഥാനമായ ബുവനോസ് ആരിസിന് വടക്ക് മാറിയുള്ള ടൈഗ്രയിലെ വാടകവീട്ടിൽവച്ചാണ് മറഡോണയ്ക്ക് ഹൃദയാഘാതമുണ്ടായത്. അതിനും ആഴ്ചകൾക്കു മുൻപ്, തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കാൻ മറഡോണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടർന്നുണ്ടായ സങ്കീർണതകളാണ് അദ്ദേഹത്തിന്‍റെ മരണത്തിലേക്ക് നയിച്ചത്.
1986 ലോകകപ്പിൽ അർജന്‍റീനയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച മറഡോണയുടെ അപ്രതീക്ഷിത വിയോഗം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.