യുഎസ്എയുടെ അഞ്ച് വിക്കറ്റ് പിഴുത ഇന്ത്യൻ പേസ് ബൗളർ ഹെനിൽ പട്ടേൽ.
ബുലവായോ: അണ്ടർ-19 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യ യുഎസ്എയെ ആറു വിക്കറ്റിനു തോൽപ്പിച്ചു. 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസ് ബൗളർ ഹെനൽ പട്ടേൽ പ്ലെയർ ഒഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. യുഎസ്എ 35.2 ഓവറിൽ വെറും 107 റൺസിന് പുറത്താകുകയും ചെയ്തു. ദീപേഷ് ദേവേന്ദ്രൻ, ആർ.എസ്. അംബരീഷ്, ഖിലൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.
രണ്ടു പന്ത് മാത്രമെറിഞ്ഞ വൈഭവ് സൂര്യവംശിക്കും കിട്ടി ഒരു വിക്കറ്റ്. യുഎസ്എയുടെ ടോപ് സ്കോറർ നിതീഷ് സുദിനിയാണ് (36) അവരുടെ പത്താം വിക്കറ്റിന്‍റെ രൂപത്തിൽ വൈഭവിന് ഇരയായത്.
എന്നാൽ, മറുപടി ബാറ്റിങ്ങിൽ വൈഭവ് സൂര്യവംശിയെ (2) ബൗൾഡാക്കിക്കൊണ്ട് ഋത്വിക് അപ്പിഡി അമ്പരപ്പിച്ചു. സ്റ്റെപ്പൗട്ട് ചെയ്ത വൈഭവിന്‍റെ ബാറ്റിൽ തട്ടിയ പന്ത് സ്റ്റമ്പ് ഇളക്കുകയായിരുന്നു.
ഇതിനു പിന്നാലെ മഴ കാരണം കളി തടസപ്പെട്ടു. പുനരാരംഭിച്ചപ്പോൾ 37 ഓവറിൽ 97 റൺസായി ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിർണയിച്ചിരുന്നു. ആയുഷ് മാത്രെ (19), വേദാന്ത് ത്രിവേദി (2), വിഹാൻ മൽഹോത്ര (18) എന്നിവരെ കൂടി പുറത്താക്കിയ യുഎസ് ബൗളർമാർ പരമാവധി ശ്രമിച്ചെങ്കിലും, പ്രതിരോധിക്കാൻ ആവശ്യമായ റൺസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നില്ല. 118 പന്തും ആറ് വിക്കറ്റും ശേഷിക്കെ ഇന്ത്യ ലക്ഷ്യം നേടുകയും ചെയ്തു. 41 പന്തിൽ 42 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ അഭിജ്ഞാൻ കുണ്ഡുവും, 10 റൺസുമായി ഓൾറൗണ്ടർ കനിഷ്ക് ചൗഹാനും പുറത്താകാതെ നിന്നു.