ഷഫാലി വർമ

 
Sports

വനിതാ ലോകകപ്പ് ടീമായി; ഷഫാലി ഇല്ല

സ്മൃതി മന്ഥനയുടെ ഓപ്പണിങ് പങ്കാളിയായി യുവതാരം പ്രതീക റാവലിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളി താരം മിന്നു മണി സ്റ്റാൻഡ്-ബൈ

VK SANJU

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ചീഫ് സെലക്റ്റർ നീതു ഡേവിഡ് പ്രഖ്യാപിച്ച ടീമിൽ ബിഗ് ഹിറ്റിങ് ഓപ്പണർ ഷഫാലി വർമയ്ക്ക് ഇടമില്ല. വൈസ്-ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ ഓപ്പണിങ് പങ്കാളിയായി യുവതാരം പ്രതീക റാവലിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്ക് ഓപ്പണറും രണ്ടാം വിക്കറ്റ് കീപ്പറുമായി യസ്തിക ഭാട്ടിയയും ടീമിലെത്തി.

ഷഫാലി നേരത്തെ ഏകദിന ടീമിൽ നിന്നു പുറത്തായപ്പോൾ സ്മൃതിയുടെ ഓപ്പണിങ് പങ്കാളിയായെത്തിയ പ്രതീക 14 മത്സരങ്ങളിൽ 54 റൺ ശരാശരിയോടെ 703 റൺസെടുത്തു കഴിഞ്ഞു. സ്ട്രൈക്ക് റേറ്റ് 88. ടെസ്റ്റ് ക്രിക്കറ്റിലും ടി20 മത്സരങ്ങളിലും അടിച്ചുതകർക്കാറുള്ള ഷഫാലിയുടെ ഏകദിന ക്രിക്കറ്റിലെ സ്ട്രൈക്ക് റേറ്റാകട്ടെ 83 മാത്രം. ബാറ്റിങ് ശരാശരി വെറും 23 റൺസും!

പേസ് ബൗളിങ് കുന്തമുന രേണുക സിങ് ഠാക്കൂറും പേസ് ബൗളിങ് ഓൾറൗണ്ടർ അമൻജോത് കൗറും പരുക്ക് ഭേദമായി ടീമിൽ തിരിച്ചെത്തി. പൂജ വസ്ത്രകാർ ഇനിയും മത്സരസജ്ജയായിട്ടില്ലാത്തതിനാൽ അരുന്ധതി റെഡ്ഡിക്കും ടീമിൽ ഇടം കിട്ടി. യുവതാരം ക്രാന്തി ഗൗഡ് ടീമിലെ നാലാമത്തെ പേസർ.

ദീപ്തി ശർമയും രാധ യാദവുമാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി സ്നേഹ് റാണയും ശ്രീ ചരണിയും ടീമിലുണ്ട്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ റിച്ച ഘോഷ് തന്നെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. മധ്യനിരയ്ക്കു കരുത്തു പകരാൻ ജമീമ റോഡ്രിഗ്സും ഹർലീൻ ഡിയോളുമുണ്ട്.

മലയാളി താരം മിന്നു മണി ഉൾപ്പെടെ അഞ്ച് പേരെ സ്റ്റാൻഡ്-ബൈ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30നാണ് ലോകകപ്പ് തുടങ്ങുന്നത്. ശ്രീലങ്കയിൽ ത്രിരാഷ്ട്ര പരമ്പരയും ഇംഗ്ലണ്ടിനെതിരായ എവേ പരമ്പരയും നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

ടീം

  1. സ്മൃതി മന്ഥന (വൈസ്-ക്യാപ്റ്റൻ)

  2. പ്രതീക റാവൽ

  3. ഹർലീൻ ഡിയോൾ

  4. ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ)

  5. ജമീമ റോഡ്രിഗ്സ്

  6. റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ)

  7. ദീപ്തി ശർമ

  8. അമൻജോത് കൗർ

  9. രേണുക സിങ് ഠാക്കൂർ

  10. രാധ യാദവ്

  11. ശ്രീ ചരണി

  12. അരുന്ധതി റെഡ്ഡി

  13. ക്രാന്തി ഗൗഡ്

  14. യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ)

  15. സ്നേഹ് റാണ

സ്റ്റാൻഡ്-ബൈ: മിന്നു മണി (ഓഫ് സ്പിന്നിങ് ഓൾറൗണ്ടർ), തേജാൽ ഹസാബ്നിസ് (മധ്യനിര ബാറ്റർ), പ്രേമ റാവത്ത് (റിസ്റ്റ് സ്പിന്നർ), പ്രിയ മിശ്ര (ലെഗ് സ്പിന്നർ), ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), സയാലി സത്ഗരെ (പേസ് ബൗളിങ് ഓൾറൗണ്ടർ).

ശ്രീനിവാസന് വിട

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ച് ഇഡി

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി