യശസ്വി ജയ്സ്വാൾ
ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യ തോൽവിയറിഞ്ഞുവെങ്കിലും മികച്ച പ്രകടനമായിരുന്നു യുവ താരം യശസ്വി ജയ്സ്വാൾ പുറത്തെടുത്തത്. 159 പന്തിൽ ഒരു സിക്സറും 16 ബൗണ്ടറികൾ ഉൾപ്പെടെ 101 റൺസ് അടങ്ങുന്ന സെഞ്ചുറിയാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. ഇപ്പോഴിതാ ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് റെക്കോഡാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിൽ 2,000 റൺസ് മറികടക്കുന്ന ഇന്ത‍്യൻ താരമെന്ന റെക്കോഡാണ് 97 റൺസ് അകലെ ജയ്സ്വാളിനെ കാത്തിരിക്കുന്നത്. നിലവിൽ 20 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 52.86 ശരാശരിയിൽ 1903 റൺസ് നേടിയിട്ടുണ്ട്. ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ 49 വർഷം പഴക്കമുള്ള റെക്കോഡാണ് ജയ്സ്വാളിനു മുന്നിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ‍്യ താരമായ സുനിൽ ഗവാസ്കർ തന്‍റെ 23ാം ടെസ്റ്റിലാണ് 2,000 റൺസ് തികച്ചത്. ഇപ്പോഴത്തെ ഇന്ത‍്യൻ കോച്ച് ഗൗതം ഗംഭീർ 24 മത്സരങ്ങളിൽ നിന്നും രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ് എന്നിവർ 25 വീതം ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഈ നേട്ടം കൈവരിച്ചു. 15 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 2,000 റൺസ് പിന്നിട്ട ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.