ക്ലൗഡ് സീഡിങ്.

 
Tech

പരാജയമാകുന്ന ഡല്‍ഹിയിലെ കൃത്രിമ മഴ പരീക്ഷണം

അന്തരീക്ഷത്തിലെ ഈര്‍പ്പം കുറവായതിനാല്‍ ഡല്‍ഹിയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ക്ലൗഡ് സീഡിങ് പരീക്ഷണം വീണ്ടും നിര്‍ത്തിവച്ചു

MV Desk

ന്യൂഡല്‍ഹി: അന്തരീക്ഷത്തിലെ ഈര്‍പ്പം കുറവായതിനാല്‍ ഡല്‍ഹിയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ക്ലൗഡ് സീഡിങ് പരീക്ഷണം വീണ്ടും നിര്‍ത്തിവച്ചു. കൃത്രിമമായി മഴ പെയ്യിക്കാന്‍ ലക്ഷ്യമിടുന്ന പ്രക്രിയയാണ് ക്ലൗഡ് സീഡിങ്. ഇത് മേഘത്തിന്‍റെയും ഈര്‍പ്പത്തിന്‍റെയും അവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്ന് കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (ഐഐടി-കെ) ഉദ്യോഗസ്ഥർ അറിയിച്ചു.

ഡല്‍ഹി സര്‍ക്കാര്‍, ഐഐടി കാണ്‍പൂരുമായി സഹകരിച്ച് ബുരാരി, നോര്‍ത്ത് കരോള്‍ ബാഗ്, മയൂര്‍ വിഹാര്‍, ബദ്ലി എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രണ്ട് ക്ലൗഡ് സീഡിങ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ മഴ പെയ്തില്ല. പക്ഷേ, നോയിഡയുടെയും ഗ്രേറ്റര്‍ നോയിഡയുടെയും ചില ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു.

ചൊവ്വാഴ്ച നടത്തിയ ക്ലൗഡ് സീഡിങ് പരീക്ഷണം ഉദ്ദേശിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് ബുധനാഴ്ച നടത്താനിരുന്ന പരീക്ഷണം മാറ്റിവച്ചത്.

മേഘങ്ങളില്‍ ആവശ്യത്തിന് ഈര്‍പ്പം ഇല്ലാത്തതിനാല്‍ ചൊവ്വാഴ്ച നടത്തിയ ക്ലൗഡ് സീഡിങ് ട്രയല്‍ പൂര്‍ണമായും വിജയിച്ചില്ലെന്നു ഐഐടി കാണ്‍പൂര്‍ ഡയറക്റ്റര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ക്ലൗഡ് സീഡിങ് നടത്തി കഴിയുമ്പോള്‍ മഴ പെയ്യാന്‍ കുറഞ്ഞത് 50 ശതമാനം ഈര്‍പ്പം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ക്ലൗഡ് സീഡിങ് നടത്തിയ പ്രദേശങ്ങളില്‍ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ക്ലൗഡ് സീഡിങ്ങ് പരീക്ഷണങ്ങളിലൂടെ വിലപ്പെട്ട ഡാറ്റ ശേഖരിക്കാന്‍ സാധിച്ചെന്നു ഐഐടി കാണ്‍പൂര്‍ അറിയിച്ചു.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ