ഡോണൾഡ് ട്രംപും മാർക്ക് സക്കർബർഗും ഫയൽ ഫോട്ടൊ
Tech

ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നുണ പറയാൻ അനുമതി; ട്രംപിനെ പാട്ടിലാക്കാൻ ഫാക്റ്റ് ചെക്കിങ് അവസാനിപ്പിച്ചു

ഫാക്റ്റ് ചെക്കർമാർക്ക് രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും, ഇവർ കാരണം മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വിശ്വാസ്യത വർധിക്കുകയല്ല, തകരുകയാണ് ചെയ്തിരിക്കുന്നതെന്നും മാർക്ക് സർക്കർബർഗ്

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണം നീക്കുന്നു. ഇനി ആർക്കും വേണമെങ്കിലും ധൈര്യമായി നുണ പറയാം. ഫാക്റ്റ് ചെക്കിങ് സംവിധാനം പൂർണമായി ഒഴിവാക്കുന്ന തരത്തിൽ കമ്യൂണിറ്റി സ്റ്റാൻഡേർഡ്സ് പരിഷ്കരിക്കാനാണ് രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും മാതൃ കമ്പനിയായ മെറ്റയുടെ തീരുമാനം.

യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതാണ് മെറ്റ ഉടമ മാർക്ക് സക്കർബർഗിന്‍റെ മനംമാറ്റത്തിനു കാരണമെന്നാണ് സൂചന. അതേസമയം, തന്‍റെ 'ഭീഷണികൾ' ഫലം ചെയ്തതിന്‍റെ ഉദാഹരണമാണ് മെറ്റയുടെ നയം മാറ്റം എന്നാണ് ട്രംപ് ഇതിനോടു പ്രതികരിച്ചത്.

ട്രംപ് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിനു പിന്നാലെ ട്വിറ്റർ അദ്ദേഹത്തിന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, ട്രംപിന്‍റെ അടുപ്പക്കാരനായ ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്റർ വിലയ്ക്കു വാങ്ങി എക്സ് എന്നു പേരു മാറ്റുകയും, ട്രംപിന്‍റെ വിലക്ക് നീക്കാൻ സാധിക്കുന്ന വിധത്തിൽ നയങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഫാക്റ്റ് ചെക്കിങ്ങിനു പകരം കമ്യൂണിറ്റി നോട്ട്സ് എന്ന രീതിയാണ് ഇപ്പോൾ എക്സിൽ നിലവിലുള്ളത്.

ഇക്കാര്യത്തിൽ എക്സിന്‍റെ മാതൃക തന്നെ പിന്തുടരാനാണ് മെറ്റയും തീരുമാനിച്ചിരിക്കുന്നത്. ട്രംപുമായി കൂടുതൽ അടുക്കാനാണ് ഇതുവഴി സരക്കർബർഗ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ട്വിറ്ററിൽ വിലക്ക് വന്നതിനെത്തുടർന്ന് ട്രംപ് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

അതേസമയം, ഫാക്റ്റ് ചെക്കർമാരിൽ ഏറെയും രാഷ്ട്രീയ പക്ഷപാതം വച്ചാണ് പ്രവർത്തിക്കുന്നത് എന്ന ന്യായമാണ് സക്കർബർഗ് മുന്നോട്ടുവയ്ക്കുന്നത്. ഇവരുടെ പക്ഷപാതപരമായ നിലപാടുകൾ മെറ്റയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിലുപരി തകര്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും സക്കർബർഗ് ആക്ഷേപം ഉന്നയിക്കുന്നു.

ഫാക്റ്റ് ചെക്കിങ് രീതി സെന്‍സര്‍ഷിപ്പിനു സമാനമാണെന്ന ആരോപണം നേരത്തെ തന്നെ ഉയരുകയും ചെയ്തിരുന്നു. ഇത് പരോക്ഷമായി സമ്മതിച്ചുകൊണ്ട്, മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി കുടിയേറ്റം, ജെന്‍ഡര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ലളിതമാക്കാനാണ് മെറ്റയുടെ തീരുമാനം.

പൂക്കളുമായി കാത്തു നിന്ന് കുട്ടികൾ; വഴിയിലിറങ്ങി കേഡറ്റുകൾക്ക് സല്യൂട്ട് നൽകി രാഷ്‌ട്രപതി

പൊറോട്ടയും ബീഫും പരാമർശം; എൻ.കെ. പ്രേമചന്ദ്രനെതിരേ പരാതി

കെഎസ്ആർടിസി ബിസിനസ് ക്ലാസ് തിരുവനന്തപുരം - എറണാകുളം റൂട്ടിൽ | Video

ഒക്റ്റോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ

അറബിക്കടലിൽ തീവ്ര ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴ