Gujarat travelogue rogan art

നിരോണയിലെ ചിത്രകാരന്മാർ| ഗുജറാത്ത് ചാപ്റ്റർ 5

നിരോണയിലെ ചിത്രകാരന്മാർ| ഗുജറാത്ത് ചാപ്റ്റർ 5

കച്ചിലെ പേരു കേട്ട റോഗൻ ചിത്രകലയുടെ തലതൊട്ടപ്പന്‍റെ, രാജ്യം പദ്മശ്രീയാൽ ആദരിച്ച അബ്ദുൽ ഗഫൂർ ഖത്രിയുടെ വീട്ടിലേക്ക്.

നീതു ചന്ദ്രൻ

കടും പച്ചയായി തഴച്ചു നിൽക്കുന്ന ആവണക്ക് പാടങ്ങൾ കടന്നാണ് നിരോണയിലെത്തിയത്. കച്ചിന്‍റെ നിറവും ഗന്ധവുമുള്ള ഗ്രാമം. നിറമുള്ള പുടവകൾ തൂക്കിയിട്ടിരിക്കുന്ന ചെറു തുണിക്കടകൾ അരിക് പങ്കിടുന്ന തെരുവിലൂടെ നടന്നെത്തിയത് നാല് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കച്ചിന്‍റെ സ്വന്തം നിറക്കൂട്ടുകളിലേക്കാണ്.... കച്ചിലെ പേരു കേട്ട റോഗൻ ചിത്രകലയുടെ തലതൊട്ടപ്പന്‍റെ, രാജ്യം പദ്മശ്രീയാൽ ആദരിച്ച അബ്ദുൽ ഗഫൂർ ഖത്രിയുടെ വീട്ടിലേക്ക്.

ചുമരുകളിലെല്ലാം മനോഹരമായ റോഗൻ ചിത്രങ്ങൾ പതിപ്പിച്ച കുഞ്ഞുമുറിയിലേക്കാണ് ഞങ്ങൾ ആദ്യം എത്തിയത്. ഞങ്ങൾക്കു മുൻപേ എത്തിയ വിനോദസഞ്ചാരികളുടെ കൂട്ടം അപ്പോഴും ചിത്രങ്ങളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അവിടെത്തന്നെയുണ്ടായിരുന്നു. അന്തരീക്ഷത്തിൽ എണ്ണയുടെയും നിറങ്ങളുടെയും ഗന്ധം നിറഞ്ഞു നിന്നു. ചുമരുകളിൽ റോഗൻ ചിത്രകലയുടെ പ്രൗഢി വിളിച്ചോതിക്കൊണ്ടുള്ള അനേകം ഫോട്ടോഗ്രാഫുകൾ. ബരാക് ഒബാമ ഉൾപ്പെടെ അനേകം രാഷ്ട്ര നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഗൻ ചിത്രങ്ങൾ സമ്മാനിക്കുന്നതിന്‍റെ ഫോട്ടോഗ്രാഫുകളിലേക്ക് അബ്ദുൽ ഗഫൂർ അഭിമാനത്തോടെ വിരൽ ചൂണ്ടി.

റോഗൻ ചിത്രകലയെ ജീവിതത്തോട് ചേർത്തു നിർത്തുന്ന കച്ചിലെ ഒരേയൊരു കുടുംബമാണ് ഖത്രിയുടേത്.

""പണ്ടൊക്കെ ആണുങ്ങൾ മാത്രമേ റോഗൻ ചിത്രകല അഭ്യസിക്കാറുള്ളൂ... അതെല്ലാം മാറി, ഇപ്പോൾ പെൺകുട്ടികളുമുണ്ട് എന്‍റെ ചിത്രപഠനശാലയിൽ...'', ചിത്രങ്ങളും പുരസ്കാരങ്ങളും നിറഞ്ഞു നിൽക്കുന്ന മുറിക്കുള്ളിലിരുന്ന് അബ്ദുൽ ഗഫൂർ പുഞ്ചിരിച്ചു.

പടർന്നു പന്തലിക്കുന്ന ചിത്രങ്ങൾ

മറ്റു ചിത്രകലകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് റോഗൻ ചിത്രകല. അബ്ദുൽ ഗഫൂർ സംസാരിക്കുന്നതിനിടയിൽ, കൈയിൽ നിറങ്ങളുടെ കുപ്പിയും കറുത്ത ശീലയുമായൊരു ചെറുപ്പക്കാരൻ ഞങ്ങൾക്കു നടുവിൽ വെറും തറയിൽ പടിഞ്ഞിരുന്നു. കൈയിൽ കരുതിയ സ്റ്റീൽ റോഡ് കൊണ്ട് കുപ്പിയിൽ നിന്ന് മഞ്ഞനിറം ഇടം കൈയിലേക്ക് പകർത്തി. മിനിറ്റുകളോളം കൈയിൽ കരുതിയ നിറം സ്റ്റീൽ റോഡ് കൊണ്ട് കലർത്തി പരുവപ്പെടുത്തി ഒടുവിൽ സ്റ്റീൽ റോഡിലേക്ക് തന്നെ പകർത്തിയെടുത്തു. കറുത്ത ശീലയുടെ ഒരു പാതിയിൽ താഴെ വിരൽ കൊണ്ട് താങ്ങ് നൽകി സ്റ്റീൽ റോഡ് കൊണ്ട് മനോഹരമായൊരു ചിത്രം വരച്ചു. പിന്നെ പതിയെ ശീല നടുവെ മടക്കി ചിത്രത്തിലേക്ക് മറുപാതി ഒട്ടിച്ചു വച്ചു. ശീലയുടെ ഇരുപാതിയിലും ചിത്രം പതിഞ്ഞു.

റോഗൻ ചിത്രങ്ങൾ അങ്ങനെയാണ് രചിക്കുന്നത്. ശീലയുടെ ഒരു പാതിയിൽ മാത്രമാണ് വരയ്ക്കുന്നത്. മറുപാതിയിലേക്ക് ഇതേ ഡിസൈനുകൾ തന്നെ മടക്കി വച്ച് പതിപ്പിച്ചെടുക്കും. അതു വരെ ഭിത്തിയിൽ കണ്ട ചിത്രങ്ങളിലേക്ക് ഞങ്ങൾ വീണ്ടും അദ്ഭുതത്തോടെ നോക്കി. ശരിയാണ് ഓരോ ശീലയിലെയും ഇരുപാതിയിലും മാറ്റമില്ലാത്ത ഒരേ ഡിസൈനുകൾ തന്നെയാണുള്ളത്.

ജീവന്‍റെ വൃക്ഷമാണ് റോഗൻ ചിത്രകലയിലെ പേരു കേട്ട രചന. ജീവന്‍റെ വൃക്ഷം ഒരു പ്രതീകാത്മക ചിത്രമാണ്. ജീവിതം, പുനർജനി, അമർത്യത എന്നിവയുടെ പ്രതീകാത്മക പ്രതിനിധാനം. ഹൈന്ദവ സംസ്കാരം ഉൾപ്പെടെ വിവിധ സംസ്കാരങ്ങളിൽ ജീവന്‍റെ വൃക്ഷത്തെ പരാമർശിച്ചു കാണാറുണ്ട്. പല നിറമുള്ള ശീലകളിൽ ചേരുന്ന നിറങ്ങൾ കൊണ്ട് വ്യത്യസ്ത ഡിസൈനുകളിൽ ജീവന്‍റെ വൃക്ഷങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നു....

400 വർഷത്തിന്‍റെ പാരമ്പര്യം

നാല് നൂറ്റാണ്ടിന്‍റെ പാരമ്പര്യമുണ്ട് റോഗൻ ചിത്രകലയ്ക്ക്. പേർഷ്യയിൽ നിന്ന്, അതായത് ഇന്നത്തെ ഇറാനിൽ നിന്നാണ് ഈ ചിത്രകലാശൈലി ഉദ്ഭവിച്ചതെന്നാണ് ചരിത്രം. ചുമരിൽ ഒട്ടിച്ചു വച്ച റോഗൻ ചിത്രകലയുടെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അബ്ദുൾ ഖഫൂർ ചെറു വാചകങ്ങളിൽ അതിന്‍റെ ചരിത്രത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി. എണ്ണയാണ് നിറക്കൂട്ടുകൾ നിർമിക്കുന്നതിൽ പ്രധാനം. എണ്ണയിൽ നിർമിക്കുന്നത് എന്നു തന്നെയാണ് റോഗൻ എന്ന വാക്കിന്‍റെ അർഥവും. ആവണക്കെണ്ണയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യം ആവണക്കിൻ കായകൾ പൊടിച്ച് 14 മണിക്കൂറോളം ചൂടാക്കി എണ്ണയെടുക്കും. അതിനു മാത്രം രണ്ടു ദിവസം വേണ്ടി വരും. പിന്നീട് എണ്ണയിലേക്ക് തണുത്ത വെള്ളം ഒഴിച്ച് കട്ടിയാക്കി എടുക്കും. അതിലേക്ക് നിറങ്ങൾ കലർത്തി കുറുക്കി കുഴമ്പു രൂപത്തിലാക്കിയെടുക്കുന്നതാണ് റോഗൻ. ഇവ ഉണങ്ങിപ്പോകാതിരിക്കാൻ മൺകലങ്ങളിൽ വെള്ളം നിറച്ചാണ് സൂക്ഷിക്കുന്നത്.

ചുവപ്പ്, മഞ്ഞ, നീല, പച്ച, വെള്ള തുടങ്ങിയ ഉദിച്ച നിറങ്ങളാണ് റോഗൻ ചിത്രകലയിൽ ഉപയോഗിക്കാറുള്ളത്. മറ്റു ചിത്രകലകളിൽ നിന്ന് വ്യത്യസ്തമായി ബ്രഷിന് പകരം സ്റ്റീൽ കൊണ്ടുള്ള ഒരു വടിയാണ് (കലം) റോഗൻ ആർട്ടിസ്റ്റുകൾ ഉപയോഗിക്കുന്നത്. ശീലയിൽ മുൻപേ പെൻസിൽ കൊണ്ടോ മറ്റോ നേർമയായി വരച്ച ചിത്രത്തിലേക്കാണ് നിറക്കൂട്ട് ചേർക്കുക. സ്റ്റീൽ റോഡ് കൊണ്ട് വരയ്ക്കുകയല്ല, പകരം പശ പോലെയുള്ള നിറക്കൂട്ട് ആകൃതിയിൽ ഒട്ടിക്കുകയാണ് റോഗൻ ആർട്ടിസ്റ്റുകൾ ചെയ്യുന്നത്. കുപ്പിയിൽ നിന്നെടുക്കുന്ന പശപ്പരുവത്തിലുള്ള നിറം കൈപ്പത്തിയിൽ വച്ച് കലർത്തുന്നതാണ് ആദ്യപടി. കൈയിലെ സ്വാഭാവിക ചൂടിൽ ഇത് വരയ്ക്കാനുള്ള പരുവത്തിലേക്കു രൂപപ്പെടും.

ആകൃതി ലഭിക്കുന്നതിനായി സ്റ്റീൽ വടി കൊണ്ട് നിറക്കൂട്ട് ചുഴറ്റി ശീലയിൽ പതിപ്പിക്കുന്നത് ഒരൽപ്പം അവിശ്വാസ്യതയോടെ ഞങ്ങൾ നോക്കിയിരുന്നു. പൂർണമായും കൈകൾ കൊണ്ടാണ് ഓരോ റോഗൻ ചിത്രവും പൂർത്തിയാക്കുന്നത്. കഴിവും ക്ഷമയും ഒരു പോലെ ആവശ്യമാണ് റോഗൻ ആർട്ടിസ്റ്റുകൾക്കെന്ന് ചുരുക്കം. ഇപ്പോൾ സാരിയിലും ചുരിദാറുകളിലും വിവാഹവസ്ത്രങ്ങളിലും കമ്പളങ്ങളിലും ബാഗുകളിലും ദുപ്പട്ടകളിലുമെല്ലാം റോഗൻ ചിത്രങ്ങൾ പതിപ്പിക്കാറുണ്ട്.

ഖത്രി കുടുംബം

നിലവിൽ ഇന്ത്യയിൽ റോഗൻ ചിത്രകലയുമായി മുന്നോട്ടു പോകുന്ന ഏക കുടുംബമാണ് ഖത്രികളുടേത്. പണ്ട് കച്ചിലെ ഒന്നിലധികം കുടുംബങ്ങൾ റോഗൻ ചിത്രകല കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നു. പക്ഷേ, പിന്നീട് ഖത്രി കുടുംബത്തിലേക്കു മാത്രമായി ഇതു ചുരുങ്ങിപ്പോയി.

ചെറുപ്പത്തിൽ തന്നെ താൻ ചിത്രകല പഠിച്ചുവെന്ന് അബ്ദുൽ ഗഫൂർ പറയുന്നു. പക്ഷേ, 1980കൾ ആയപ്പോൾ ചിത്രകലയുടെ പ്രൗഢിയറ്റു. മെഷീനിൽ നിർമിക്കുന്ന തുണിത്തരങ്ങളുടെ കാലമായിരുന്നു അത്. താരതമ്യേന വിലക്കുറവിൽ ഭംഗിയുള്ള തുണിത്തരങ്ങൾ ലഭിച്ചു തുടങ്ങിയതോടെ റോഗൻ ചിത്രങ്ങളോടു പലരും മുഖം തിരിച്ചു. അക്കാലത്ത് ഓരോ ദിവസവും മുന്നോട്ടു കൊണ്ടു പോകാൻ കലാകാരന്മാർ ബുദ്ധിമുട്ടിയിരുന്നു എന്ന് അബ്ദുൽ ഗഫൂർ പറയുന്നു. അതോടെ പലരും ചിത്രകല ഉപേക്ഷിച്ച് മറ്റു ജോലികളിലേക്ക് ചേക്കേറി.

""എന്‍റെ അച്ഛനും മുത്തച്ഛനും റോഗൻ ചിത്രകാരന്മാരായിരുന്നു. പക്ഷേ, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ഞാൻ ചിത്രകല ഉപേക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ മുംബൈയിലേക്ക് വണ്ടി കയറി. പക്ഷേ, വിധി മറ്റൊന്നായിരുന്നു. 1984ൽ ചിത്രകലയിലൂടെ കുടുംബത്തിന്‍റെ പാരമ്പര്യം മുന്നോട്ടു കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് മുത്തച്ഛൻ കത്തെഴുതിയതോടെ തിരിച്ചു പോരേണ്ടി വന്നു'', നിറക്കൂട്ടുകൾ കൈയിൽ അടക്കിപ്പിടിച്ചു കൊണ്ട് അബ്ദുൽ ഗഫൂർ ഭൂതകാലത്തിലേക്ക് ഊളിയിട്ടു.

മുംബൈയിൽ നിന്ന് നിരോണയിലേക്ക് തിരിച്ചെത്തിയ കാലത്താണ് റോഗൻ ചിത്രകലയെ ചേർത്തുപിടിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞതെന്ന് അബ്ദുൽ ഗഫൂർ. അന്ന് ഈ കലാരീതി ഏറെക്കുറെ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് കുറേക്കാലം ദാരിദ്ര്യത്തോടു മല്ലടിച്ചാണെങ്കിലും ചിത്രകലയെ കൈവിടാതെ മുറുക്കിപ്പിടിച്ചു. ഗുജറാത്ത് സർക്കാർ ചിത്രകലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ചില പദ്ധതികൾ മുന്നോട്ടു വച്ചു.

യഥാർഥത്തിൽ ഈ പുനരുജ്ജീവനത്തിനു നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന് അബ്ദുൽ ഗഫൂർ. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് റോഗൻ ചിത്രങ്ങൾ ബരാക് ഒബാമയ്ക്കു സമ്മാനിച്ചു. 2014ലായിരുന്നു അത്. ചിത്രകലയുടെ ജീവനാഡിയായി മാറുകയായിരുന്നു ആ സംഭവം. വൈറ്റ് ഹൗസിന്‍റെ ചുവരിൽ ഇടം പിടിച്ച ഇന്ത്യയുടെ കലാപാരമ്പര്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു. പതിയെ ചിത്രങ്ങൾക്ക് ആവശ്യക്കാരേറി. അങ്ങനെ വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ചിത്രകല വീണ്ടും മുന്നോട്ടു പോയി.

പക്ഷേ, കൊവിഡ് മഹാമാരിയുടെ രൂപത്തിൽ പ്രതിസന്ധി വീണ്ടുമെത്തി. അക്കാലത്താണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രകലയെ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചതെന്ന് അബ്ദുൽ ഗഫൂർ. മാസ്കുകളിൽ അടക്കം റോഗൻ ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ചതും അബ്ദുൽ ഗഫൂറാണ്. അങ്ങനെ വലിയൊരു തിരിച്ചടിക്കു പിന്നാലെ പഴയതിലും ശക്തിയോടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് റോഗൻ ചിത്രകല പടർന്നു കയറി.

ചിത്രകലയുടെ കൂട്ടുകളുടെയും മറ്റും രഹസ്യം മറ്റാരുമറിയാതിരിക്കാൻ പണ്ടു കാലങ്ങളിൽ പെൺകുട്ടികളെ ചിത്രരചന പഠിക്കുന്നതിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. വിവാഹം കഴിച്ചു പോകുന്ന പെൺകുട്ടികൾ മുഖേന ചിത്രകല മറ്റു കുടുംബങ്ങളിലേക്കെത്തുമെന്നും, അങ്ങനെ സ്വന്തം കുടുംബത്തിന് ചിത്രകലയിലുള്ള ആധിപത്യം നഷ്ടപ്പെടുമെന്നുമുള്ള ഭയമായിരുന്നു ആ കീഴ്‌വഴക്കത്തിനു കാരണം. പക്ഷേ, ഇപ്പോൾ അത്തരം ധാരണകളെയെല്ലാ ദൂരെക്കളഞ്ഞിരിക്കുകയാണ് അബ്ദുൽ ഗഫൂർ. സ്വന്തം വീട്ടിൽ ഗുരുകുല സമ്പ്രദായത്തിലാണ് പെൺകുട്ടികൾ അടക്കമുള്ള ശിഷ്യർക്കായി അബ്ദുൽ ഗഫൂർ ചിത്രകല പകർന്നു നൽകുന്നത്. അതു മാത്രമല്ല, വിവിധ കോളെജുകളിലും സർവകലാശാലകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ചിത്രകലയുമായി ബന്ധപ്പെട്ട വർക്‌ഷോപ്പുകളും സെമിനാറുകളുമെല്ലാം ഖത്രി കുടുംബം സംഘടിപ്പിക്കുന്നുമുണ്ട്.

കാലങ്ങളുടെ പ്രയത്നം

ഒട്ടും എളുപ്പമല്ല റോഗൻ ചിത്രരചന. ചിലപ്പോൾ മാസങ്ങളോളം എടുക്കും ഒരു ചിത്രം പൂർത്തിയാക്കാൻ. വലിയ തിരശീലയിലും വിവാഹ വസ്ത്രങ്ങളിലും വരെ ഇപ്പോൾ റോഗൻ ചിത്രങ്ങൾ ഇടം പിടിക്കുന്നുണ്ട്. ചിലപ്പോൾ മൂന്നോ നാലോ പേർ ചേർന്നായിരിക്കും ചിത്രരചന പൂർത്തിയാക്കുക. വരച്ചു പൂർത്തിയാക്കിയ ചിത്രം ശീലയുടെ അല്ലെങ്കിൽ ക്യാൻവാസിന്‍റെ മറുവശത്തേക്ക് പതിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ ഘട്ടമാണ്. ഒന്നു പാളിയാൽ ചിത്രം പൂർണമായും നശിച്ചു പോകും. അതു കൊണ്ടു തന്നെ ഏറെ ക്ഷമയോടെയാണ് ഈ ഘട്ടം പൂർത്തിയാക്കാറുള്ളതെന്ന് അബ്ദുൽ ഗഫൂർ.

2019ലാണ് അബ്ദുൽ ഗഫൂർ ഖത്രിക്ക് രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്. 1988ൽ നാഷണൽ മെറിറ്റ് സർട്ടിഫിക്കറ്റും 1989ൽ സംസ്ഥാന പുരസ്കാരവും 1997ൽ ദേശീയ പുരസ്കാരവും ലഭിച്ചു. 2021ൽ ഗുജറാത്ത് ടൂറിസം ആൻഡ് ട്രാവൽ എക്സലൻസ് അവാർഡിനും അർഹനായി.

അബ്ദുൽ ഗഫൂറിന്‍റെ ഇളയ സഹോദരൻ സുമാർ ദൗദ് ഖത്രിയും ചിത്രകലയിൽ സജീവമാണ്. ലാക്മെ ഫാഷൻ വീക്ക്, യുകെ ഫാഷൻ വീക്ക്, ന്യൂയോർക്ക് ഫാഷൻ വീക്ക് എന്നിവയിലെല്ലാം റോഗൻ ചിത്രങ്ങൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിൽ തന്‍റെ കുടുംബത്തിലെ എല്ലാവരും ചിത്രകലയിൽ സജീവമാണെന്നു മാത്രമല്ല, മിക്കവർക്കും പുരസ്കാരങ്ങളും ലഭിച്ചിട്ടുമുണ്ടെന്ന് അബ്ദുൽ ഗഫൂർ പറയുന്നു.

നിലത്ത് വിരിച്ചിട്ട അനേകം ചിത്രങ്ങളിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോഴേക്കും, റോഗൻ ചിത്രങ്ങളെക്കുറിച്ചറിയാനുള്ള കൗതുകത്തോടെമറ്റൊരു സംഘം അകത്തേക്ക് കടന്നിരുന്നു. അകത്തളത്തിൽ നിരത്തിവച്ച നിറക്കൂട്ടുകളിലൊന്ന് വീണ്ടും കൈപ്പത്തിയിലേക്ക് പകർന്നു, തിരശീലയിൽ മനോഹരമായ മറ്റൊരു ചിത്രം വിടർന്നു തുടങ്ങി....

വിന്ധ്യശൈലത്തിന്‍റെ താഴ്‌വരയിൽ... ഏകതാ പ്രതിമയുടെ നാട്ടിലേക്കൊരു യാത്ര|ഗുജറാത്ത് ചാപ്റ്റർ -1

പോയ വസന്തം നിറമാല ചാർത്തും ആദിത്യ ദേവാലയം...|ഗുജറാത്ത് ചാപ്റ്റർ-2

രാത്രിയിൽ ചെന്നായ്ക്കൾ ഇറങ്ങുന്ന അതിർത്തി ഗ്രാമം|ഗുജറാത്ത് ചാപ്റ്റർ-3

ഉപ്പു പരലുകളുടെ ആഘോഷകാലം|ഗുജറാത്ത് ചാപ്റ്റർ-4

ബേർ മരങ്ങൾ കായ്ക്കുന്ന ഹാരപ്പൻ നഗരം| ഗുജറാത്ത് ചാപ്റ്റർ-5

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com