കമൽ ഹാസന് തിരിച്ചടി; തഗ് ലൈഫിന് കർണാടകയിൽ നിരോധനം
ചെന്നൈ: മണിരത്നത്തിന്‍റെ സംവിധാനത്തിൽ കമൽ ഹാസൻ നായകവേഷത്തിലെത്തുന്ന 'തഗ് ലൈഫ്' ചിത്രത്തിന്‍റെ റിലീസിന് കർണാടകയിൽ നിരോധനം. കന്നഡ ഭാഷാ വിവാദത്തിൽ നടൻ മാപ്പു പറയാൻ തയാറാകാത്തതിനെ തുടർന്നാണ് ചിത്രത്തിന്‍റെ റിലീസ് നിരോധിക്കാൻ തീരുമാനിച്ചതെന്ന് കർണാടക ഫിലിം ചേംബർ വ‍്യക്തമാക്കി.
കഴിഞ്ഞയാഴ്ചയായിരുന്നു ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ തമിഴിൽ നിന്നുമാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്ന് കമൽ ഹാസൻ പരാമർശിച്ചത്. പിന്നാലെ നടന്‍റെ പ്രസ്താവനക്കെതിരേ ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
എന്നാൽ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്നാണ് കമൽ ഹാസന്‍റെ നിലപാട്. സ്നേഹത്തോടെ നടത്തിയ പ്രസംഗമായിരുന്നു അതെന്നും വാക്കുകൾ വളച്ചൊടിച്ചതാണെന്നും തിരുവനന്തപുരത്ത് വച്ച് നടന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടിക്കിടെ കമൽ ഹാസൻ പറഞ്ഞിരുന്നു. അതേസമയം ഭാഷകളുടെ ഉത്ഭവത്തെ പറ്റി കമൽ ഹാസന് അറിവില്ലായിരിക്കാമെന്നായിരുന്നു കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ പ്രതികരിച്ചത്.