ഉപ്പു പരലുകളുടെ ആഘോഷകാലം|ഗുജറാത്ത് ചാപ്റ്റേഴ്സ് ഭാഗം-4
നീതു ചന്ദ്രൻ
ബസിന്‍റെ തുറന്നിട്ട ജനൽപ്പാളികളിലൂടെ ഇരച്ചു കയറുന്ന ഉപ്പു കാറ്റ്... ടാറിട്ട വഴികൾക്കിരുവശവുമായുള്ള ചതുപ്പുകളിൽ നിരനിരയായിരുന്നു ധ്യാനിക്കുന്ന, വെളുപ്പും ചുവപ്പും കലർന്ന താമരമൊട്ടു പോലുള്ള, ഫ്ലെമിംഗോ പക്ഷികൾ. വണ്ടികൾ ഇരമ്പിപ്പാഞ്ഞു വരുന്നതിനൊപ്പം പെലിക്കനുകൾ കൂട്ടത്തോടെ ആകാശത്തേക്കുയർന്ന് ചതുപ്പിലേക്കു തന്നെ തിരിച്ചിറങ്ങി.... കിലോമീറ്ററുകൾ കടന്നു പോകുന്നതിനിടെ, വെള്ളം നിറഞ്ഞ ചതുപ്പുകളിൽ പതിയെ തൂവെള്ള നിറം പടർന്നു തുടങ്ങി, ദൂരക്കാഴ്ചയിൽ പതിയെ അറ്റമില്ലാതെ പരന്നു കിടക്കുന്ന വെളുത്ത മരുഭൂമി പ്രത്യക്ഷപ്പെട്ടു. ഉപ്പ്... അറ്റമില്ലാത്തത്ര ദൂരത്തോളം പരന്നു കിടക്കുന്ന ഉപ്പുപരലുകൾ നിറഞ്ഞ മരുഭൂമി....ലോകം മുഴുവനുള്ള വിനോദസഞ്ചാരികളെ മനോഹാരിതകൊണ്ട് ആകർഷിക്കുന്ന ഗുജറാത്തിലെ ഗ്രേറ്റ് റൺ ഓഫ് കച്ച് (Rann of Kutch).
റണോത്സവത്തിന്‍റെ കാലത്താണ് കച്ചിലെത്തിയത്. ഉപ്പു പരലുകളുടെ ആഘോഷകാലത്ത്... ഇന്ത്യാ-പാക് അതിർത്തിയിൽ പരന്നു കിടക്കുന്ന ഉപ്പു മരുഭൂമിയാൽ കച്ചിന്‍റെ സ്വപ്നങ്ങൾ തളിർത്തുലയുന്ന കാലം. അനേകകാലമായി ഉറഞ്ഞു കിടക്കുന്ന ഉപ്പ്.. അങ്ങകലെ ആകാശത്തോട് ചേർന്നു കിടക്കുന്നുവെന്ന് തോന്നും മട്ടിൽ ഉപ്പ് പാടത്തിന്‍റെ ചക്രവാളം. മരുഭൂമിയുടെ ഒരരികിൽ കുറ്റിയടിച്ചുറപ്പിയ കയറുകളിൽ തൂക്കിയിട്ട പല നിറങ്ങളുള്ള പരമ്പരാഗത വസ്ത്രങ്ങൾ. ഉപ്പുപാടത്തിന്‍റെ സൗന്ദര്യമാസ്വദിക്കാനെത്തുന്നവർക്ക് ഗുജറാത്തിലെ പരമ്പരാഗത വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന നിരവധി പേർ, റൺ ഓഫ് കച്ചിലെ മറ്റൊരു ജീവനോപാധി. ഉപ്പിന്‍റെ വെൺമയിൽ പടരുന്ന കടും നിറങ്ങൾ എന്ന പോലെ പൂക്കൾ തുന്നിയ മേലുടുപ്പുകളും കാൽപ്പാദത്തോളം നീളമുള്ള പാവാടകളും കണ്ണാടിക്കഷ്ണങ്ങൾ പതിപ്പിച്ച ഉത്തരീയങ്ങളും തെളിഞ്ഞു.
വെളുത്ത പരലിലേക്ക് കാലുകളൂന്നുമ്പോൾ അവിശ്വസനീയതയുടെ കടലായിരുന്നു മനസിൽ. ഇളം വെയിലിൽ ഉപ്പുപരലുകൾ തിളങ്ങി.... സൂര്യാസ്തമയത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അവിടെയുള്ളവരെല്ലാം; പോക്കുവെയിലിൽ ഉപ്പ് പാടം ചുവന്നു തുടുക്കുന്ന അതിമനോഹര ദൃശ്യം കാണാൻ. സന്ധ്യയാവാൻ ഇനിയുമേറെയുണ്ട്. അസ്തമയത്തിനു മുൻപേ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെയാണ് അവിടെ നിന്നു യാത്ര തിരിച്ചത്. ഉപ്പു മരുഭൂമിയുടെ അറ്റത്തേക്കാണ് ഞങ്ങളുടെ യാത്ര.... ഉപ്പിന്‍റെ ഭംഗികൊണ്ട് ജീവിതം തിരിച്ചു പിടിച്ച ദോർദോയുടെ ഹൃദയത്തിലേക്ക്.... കടന്നു പോകുന്ന വഴികളെല്ലാം ഏറെക്കുറേ വിജനമാണ്. പലയിടങ്ങളിലായി കെട്ടിയുയർത്തിയ ടെന്‍റ് സിറ്റികൾക്കൊപ്പം ഒറ്റയ്ക്കും കൂട്ടമായും വാഹനങ്ങളും വിനോദസഞ്ചാരികളും ചെറുകടകളുമെല്ലാം പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കച്ച് കണ്ടില്ലെങ്കിൽ യാതൊന്നും കണ്ടില്ലെന്നു തന്നെ പറയാം. കച്ചിന്‍റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് അമിതാഭ് ബച്ചൻ പറഞ്ഞു വച്ച വരികൾ അക്ഷരാർഥത്തിൽ സത്യമെന്ന് തെളിയുന്ന കാഴ്ചകളിലൂടെയായിരുന്നു ഓരോ നിമിഷവും കടന്നു പൊയ്ക്കൊണ്ടിരുന്നത്. റൺ എന്നാൽ ഹിന്ദി - ഗുജറാത്തി ഭാഷകളിൽ മരുഭൂമിയെന്നർഥം. കച്ചിലെ മരുഭൂമി ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയിലെ സ്വർണവെളിച്ചമായി മാറിയിട്ട് അനേക കാലമൊന്നുമായിട്ടില്ല. പ്രപഞ്ചം ഒരുക്കി വച്ച വലിയൊരു മാറ്റത്തിന്‍റെ ബാക്കിപത്രമാണ് കച്ച്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജില്ല. അതിന്‍റെ പകുതിയോളം മൂടിക്കിടക്കുന്ന ഉപ്പ്. ഗ്രേറ്റ് റൺ ഓഫ് കച്ച് മാത്രം 23,000 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ലിറ്റിൽ റൺ ഒഫ് കച്ച് 16,000 ചതുരശ്ര കിലോമീറ്ററും.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് അറബിക്കടലിന്‍റെ ആഴം കുറഞ്ഞ ഭാഗമായിരുന്നു ഇവിടം. ടെക്റ്റോണിക് ഫോഴ്സ് മൂലം കച്ച് മേഖല സമുദ്ര നിരപ്പിനെക്കാൾ ഉയരത്തിലായി. ഇതോടെ അറബിക്കടലും കച്ചുമായി നേരിട്ടു ബന്ധമില്ലാതാകുകയായിരുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്ത് വലിയ തടാകം തീർത്ത് വെള്ളം പിടിച്ചു നിർത്താൻ ശ്രമിച്ചിരുന്നു. പക്ഷേ, വേനൽ കടുത്തതോടെ തടാകം വറ്റി. എത്ര ശ്രമിച്ചിട്ടും മറക്കാനാകാത്ത കടലിന്‍റെ ഓർമകളെന്ന പോലെ പോലെ ഉപ്പു പരലുകൾ ഹെക്റ്ററുകളോളം പരന്നു കിടന്നു. അതോടെ ജീവിതം വഴി മുട്ടിയത് അവിടെ ജനിച്ചു ജീവിക്കാൻ തുടങ്ങിയവർക്കാണ്.
സന്ധ്യയോടെയാണ് ദോർദോയിലെത്തിയത്. അതിമനോഹരമായ അനേകം മൺകുടിലുകൾക്കിടയിലൂടെ ദോർദോയുടെ സർപഞ്ച് മിയ ഹുസൈൻ ഗുൽ ബേഗ് ഞങ്ങളുമായി കമ്യൂണിറ്റി ഹാളിലേക്ക് നടന്നു.
""ഒരുകാലത്ത് ഉപ്പ് കാരണം ഞങ്ങളുടെ ജീവിതം വഴിമുട്ടിയിരുന്നു. ആരും വരാനിഷ്ടപ്പെടാത്ത ചതുപ്പായിരുന്നു ഇത്. ഇപ്പോൾ അതേ ഉപ്പ് തന്നെ ഞങ്ങളെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു'', കടും നിറമുള്ള തലപ്പാവ് ഒന്നൊതുക്കി വച്ച്, നീണ്ട താടിയുഴിഞ്ഞ് സർപഞ്ച് ഞങ്ങളോടു സംസാരിച്ചു തുടങ്ങി.
""കച്ച് ഇന്നത്ത കച്ച് ആയി മാറിയിട്ട് അധിക കാലമായിട്ടില്ല. ആരും വരാൻ ഇഷ്ടപ്പെടാതിരുന്ന കുഞ്ഞു ഗ്രാമത്തിലുള്ളവർ അക്കാലത്ത് അനുഭവിച്ചിരുന്ന ദുരിതങ്ങൾ ഏറെയായിരുന്നു. അക്കാലത്തും ഞങ്ങളുടെ പൂർവികർ സംസ്കാരത്തെ മുറുക്കിപ്പിടിച്ചു. ഇന്നിപ്പോൾ ഇവിടെ എല്ലാമുണ്ട്.... വേനൽക്കാലത്തും കുടിവെള്ളം, വൈദ്യുതി, നല്ല റോഡുകൾ, ഡിജിറ്റൽ സ്കൂളുകൾ, എടിഎമ്മുകൾ..., എല്ലാത്തിനുമുപരി ഇന്ത്യയിലെ മറ്റ് ഏതു ഗ്രാമങ്ങളെയും വെല്ലുന്ന പ്രശസ്തി''.
ഉപ്പുചതുപ്പിനറ്റത്ത് ആർക്കും വേണ്ടാതെ കിടന്നിരുന്ന ദോർദോ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായതിന്‍റെ കഥകൾ ഓരോന്നായി സർപഞ്ചിന്‍റെ വാക്കുകളിലൂടെ ഞങ്ങൾക്കു മുന്നിൽ ചുരുളഴിഞ്ഞു, ""നിലാവിൽ വെട്ടിത്തിളങ്ങുന്ന ഈ ഉപ്പു മരുഭൂമി തന്നെ ഞങ്ങൾക്ക് ജീവിക്കാനുള്ള വഴിയാകുമെന്ന് കണ്ടെത്തിയത് എന്‍റെ പിതാവ് ഗുൽബേഗ് മിയാനായിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു ഇവിടെ ഇത്തരത്തിൽ ഒരുത്സവം നടത്തണമെന്നത്. വർഷങ്ങൾക്കു മുൻപ് അദ്ദേഹം നരേന്ദ്ര മോദിയെ കണ്ട് ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. അങ്ങനെ ആദ്യമായി ചെറിയ രീതിയിൽ 90കളിലാണ് റണോത്സവ് തുടങ്ങിയത്. 2008 ആയപ്പോഴേക്കും ഇപ്പോഴത്തേതു പോലെ ടെന്‍റ് സിറ്റികൾ നിർമിക്കപ്പെട്ടു. അതോടെയാണ് റണോത്സവ് നാടെല്ലാം അറിഞ്ഞു തുടങ്ങിയത്. ഒരു കാലത്ത് ഇവിടെ നിന്നുമുള്ളവർ ഒരു ജോലിക്കു വേണ്ടിയും ജീവിതം കരുപ്പിടിപ്പിക്കാനുമായി കാതങ്ങളോളം സഞ്ചരിച്ചിരുന്നു.. ഇപ്പോഴിതാ കാതങ്ങൾ സഞ്ചരിച്ച് വർഷം തോറും ഞങ്ങളുടെ നാട്ടിലേക്ക് ആയിരക്കണക്കിന് പേർ എത്തുന്നു '', മിയാൻ ഹുസൈൻ പഴയ കാല ചിത്രങ്ങളിലൂടെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
2023ലാണ് യുനെസ്കോ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളിലൊന്നായി ദോർദോയെ തെരഞ്ഞെടുത്തത്. അതിനു പിന്നാലെ തന്നെ ജി20 ഉച്ചകോടിയുമെത്തി. അങ്ങനെ തിരക്കിൽ നിന്ന് തിരക്കിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് ദോർദോ.
2009ലാണ് ദോർദോയിൽ ആദ്യമായി ഒരു സർക്കാർ സെക്കൻഡറി സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് അവിടെ പുരുഷന്മാർ മാത്രമേ അധ്യാപകരായി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ പെൺകുട്ടികളെ ആരും സ്കൂളിൽ അയച്ചിരുന്നില്ല. മുസ്ലിം മാൽദാരി സമുദായത്തിൽ നിന്നുള്ള ഹുസൈനാണ് ആദ്യമായി ഒരു വനിതാ അധ്യാപികയെ സ്കൂളിലെത്തിച്ചത്. അതിനു പിന്നാലെ വിദ്യാർഥിനികളും സ്കൂളിലെത്തി. ഇപ്പോൾ നിരവധി പെൺകുട്ടികൾ ഇവിടെ പഠിക്കുന്നു.
""450 പേരോളം ഉണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഒരു പെൺകുട്ടി പോലും അക്കാലത്ത് ഏഴാം ക്ലാസിനപ്പുറം പഠിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ അതെല്ലാം മാറി'', എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ പെൺകുട്ടിയെ ആദരിക്കുന്ന ചിത്രം അഭിമാനത്തോടെ ഹുസൈൻ ഞങ്ങൾക്കു നേരെ നീട്ടി.
400 വർഷങ്ങൾക്കു മുൻപ് സിന്ധ് പ്രവിശ്യയിൽ നിന്ന് ഗുജറാത്തിലെ ബണ്ണി മേഖലയിലേക്ക് കുടിയേറിയവരാണ് ദോർദോയിലുള്ളത്. കണ്ണാടികൊണ്ടുള്ള ചിത്രപ്പണികളും തുന്നൽപ്പണികളുമെല്ലാം ഇവരുടെ പ്രത്യേകതയാണ്. അതിന്‍റെ മികച്ച ഉദാഹരണങ്ങളെന്ന പോലെ ഞങ്ങൾക്കു മുന്നിൽ വൃത്താകൃതിയിലുള്ള ഭുംഗാസ് എന്ന മനോഹരമായ മൺകുടിലുകൾ ഉയർന്നു നിന്നു. മണ്ണും മുളയും മരങ്ങളുമെല്ലാം ഉപയോഗിച്ച് നിർമിച്ച, പുല്ല് മേഞ്ഞ കുടിലുകൾ. ദോർദോയിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാനമാണ്, ലാളിത്യം ആർഭാടമാകുന്ന ഈ കുടിലുകൾ. വീടിന്‍റെ ഭിത്തിയിലും കട്ടിലിലും മേശയിലുമെല്ലാം നിറങ്ങൾ ചേർത്ത് കുഴച്ച കളിമണ്ണലങ്കാരങ്ങൾ... ചെറു കണ്ണാടിക്കഷണങ്ങൾ ചേർത്തു വച്ചുള്ള അതിസൂക്ഷ്മമായ മിനുക്കുപണികൾ. തലമുറകൾ കൈമാറി വന്ന കലാ സംസ്കാരത്തിന്‍റെ കണ്ണാടി കൂടിയാണ് ദോർദോ.
ചതുപ്പുകളിലെ വെള്ളം വറ്റി ഉപ്പു പാടങ്ങൾ പൂത്തു തുടങ്ങുന്ന നവംബറിലാണ് റണോത്സവ് ആരംഭിക്കുന്നത്. ഫെബ്രുവരി വരെ തുടരുന്ന ആഘോഷങ്ങളുടെ രാപകലുകൾ. ഒട്ടകസവാരി മുതൽ ഗ്രാമങ്ങളിലെ സന്ദർശനവും ടെന്‍റ് സിറ്റിയിലെ താമസവും ഉപ്പ് മരുഭൂമിയിലെ സന്ധ്യകളുമെല്ലാമായി റണോത്സവ് വിനോദസഞ്ചാരികൾക്ക് ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ് വച്ചുനീട്ടുന്നത്.
ദോർദോയിൽ നിന്നിറങ്ങിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. റണ്ണിലെ സൂര്യാസ്തമയക്കാഴ്ച ബക്കറ്റ് ലിസ്റ്റിൽ തന്നെ അവശേഷിച്ചു. പക്ഷേ, നിലാവിൽ തിളങ്ങുന്ന ഉപ്പു പരലുകൾ ഞങ്ങൾക്കു മുന്നിൽ വെളുത്ത പരവതാനി വിരിച്ചു.
കടന്നു പോകുന്ന വഴികളിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അനേകം ടെന്‍റ് സിറ്റികൾ. ഉപ്പു മരുഭൂമിയിൽ വലിയ ഷീറ്റുകൾ വലിച്ചു കെട്ടി അതിനു മുകളിലാണ് ടെന്‍റുകൾ നിർമിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആഡംബര ടെന്‍റുകൾ. വലിയ താഴും പൂട്ടുമൊന്നുമില്ലാതെ, ചെറിയൊരു സിബ് കൊണ്ട് അടയ്ക്കാവുന്ന, തുണിയിൽ തീർത്ത വാതിലുകൾ. തണുപ്പിനൊപ്പം തൊട്ടടുത്ത ടെന്‍റിൽ നിന്നുള്ള ശബ്ദങ്ങളും തുണിക്കൂടാരത്തിനുള്ളിലേക്ക് അരിച്ചിറങ്ങും.
അണിയിച്ചൊരുക്കിയ ഒട്ടകങ്ങൾ വലിക്കുന്ന വണ്ടികൾ സഞ്ചാരികൾക്കായി കാത്തു കിടക്കുന്നു. രാത്രിയായിട്ടും ഉപ്പു മരുഭൂമിയിലെ ആൾത്തിരക്ക് കുറഞ്ഞിട്ടില്ല. ചെറു നിലാവിൽ ഉപ്പു പരലുകൾ തിളങ്ങി. ഇൻഫ്ലുവൻസർമാരുടെ ആഘോഷമാണ് ഇവിടെ. പലയിടങ്ങളിലായി ക്യാമറയും ലൈറ്റും സെറ്റ് ചെയ്ത് വീഡിയോ പകർത്തുന്നതിന്‍റെ തിരക്കിലാണ് എല്ലാവരും. തൊട്ടു മുന്നിലുള്ള വേദിയിൽ പരമ്പരാഗത വേഷം ധരിച്ച് പാട്ടു പാടുന്ന ഗായകർ. അവർക്കു മുന്നിൽ താളത്തിൽ ഗർബ നൃത്തം ചവിട്ടുന്ന ചെറു കൂട്ടങ്ങൾ. അപരിചിതർ പരിചിതഭാവത്തോടെ ഒരേ വൃത്തത്തിൽ ചുവടു വച്ചാടുന്ന, പതിയെ തുടങ്ങി വേഗം കൂടി ലഹരിയായി മാറുന്ന ഗർബ നൃത്തം. ഞങ്ങൾക്കു ചുറ്റും നിലാവിൽ ഉപ്പുമരുഭൂമി മിന്നിത്തിളങ്ങി, ഒരിക്കലുമൊഴിയാത്ത ലഹരിയുടെ ചഷകം പോലെ....
വിന്ധ്യശൈലത്തിന്‍റെ താഴ്‌വരയിൽ... ഏകതാ പ്രതിമയുടെ നാട്ടിലേക്കൊരു യാത്ര|ഗുജറാത്ത് ചാപ്റ്റർ -1
പോയ വസന്തം നിറമാല ചാർത്തും ആദിത്യ ദേവാലയം...|ഗുജറാത്ത് ചാപ്റ്റർ-2
രാത്രിയിൽ ചെന്നായ്ക്കൾ ഇറങ്ങുന്ന അതിർത്തി ഗ്രാമം|ഗുജറാത്ത് ചാപ്റ്റർ-3