പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ് പരാതിയിൽ പറയുന്നത്. സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലക്കാരിയായ യുവതി നിലവിൽ വിദേശത്താണ്. ഇവിടെ നിന്ന് പരാതിക്കാരി ഇമെയിൽ വഴി പൊലീസിന് പരാതി നൽകുകയായിരുന്നു. ബലാത്സംഗവും ഗർഭ ഛിദ്രവും ആരോപിച്ചുള്ളതാണ് പരാതി. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തുവെന്നാണ് ആരോപണം. ഇ മെയിലിൽ ലഭിച്ച പരാതിയിൽ വീഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനമാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്.
യുവതി വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച രാഹുൽ മാങ്കൂട്ടത്തിൽ പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ചു.
ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്‍റിൽ കാണാമെന്ന് യുവതി പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് രാഹുൽ പറഞ്ഞു. പിന്നീട് ഹോട്ടലിന്‍റെ വിവരങ്ങൾ അയച്ചു നൽകി അവിടെ മുറിയെടുക്കാൻ പറഞ്ഞു. ഹോട്ടലിലെത്തിയ രാഹുൽ ഒന്നു മിണ്ടുക പോലും ചെയ്യാതെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പിന്നീടും വിളിച്ചെങ്കിലും പോയില്ല. ഗർഭിണിയായ വിവരം അറിയിച്ചെങ്കിലും അസഭ്യം പറയുകയായിരുന്നു. മറ്റാരുടെയെങ്കിലും കുഞ്ഞാവാമെന്ന് പറഞ്ഞു. പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താൻ തയാറായിരുന്നെങ്കിലും രാഹുൽ സഹകരിച്ചിരുന്നില്ല. പിന്നീട് കുഞ്ഞ് അലസിപ്പോവുകയായിരുന്നു. അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോൾ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇമെയിലിനും മറുപടി ലഭിച്ചില്ല. രാഹുലിന്‍റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു. ഭ്രൂണത്തിന്‍റെ സാമ്പിൾ യുവതി ശേഖരിച്ചുവച്ചു വച്ചിട്ടുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ രാഹുൽ തന്നെ വീണ്ടും ബന്ധപ്പെട്ടു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നൽകി. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു. ഇതിന്‍റെ ഭാഗമായി താനും രാഹുലും ബിൽടെക് ഗ്രൂപ്പിനെ സമീപിച്ചു. എന്നാൽ ഫ്ലാറ്റ് വാങ്ങൽ നടന്നില്ല. പിന്നീട് പലപ്പോഴായി രാഹുൽ തന്നോട് സാമ്പത്തിക സഹായം കൈപ്പറ്റി. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നൽകിയെന്നാണ് മൊഴി. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിന്‍റെ തെളിവടക്കം ഹാജരാക്കിയിട്ടുണ്ട്.