വി.ഡി.സതീശൻ
തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേൽക്കും. 11 ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. ജയറാം രമേശ്, ദീപ ദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഒരുമിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പറവൂർ മണ്ഡലത്തിൽ നിന്ന് 20600 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് 61 വയസുകാരനായ സതീശൻ ഇത്തവണ കേരള നിയമസഭയിലെത്തുന്നത്.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ. സംസ്ഥാനത്തെ പൊതുവികാരം സതീശനൊപ്പമാണെന്ന് വ്യക്തമായതോടെയാണ് എംഎൽഎമാരുടെ നിർദേശത്തെ പോലും അവഗണിച്ചു കൊണ്ട് ഹൈക്കമാൻഡ് വി.ഡി. സതീശൻ എന്ന ഒറ്റ പേരിലേക്കെത്തിയത്.
102 മണ്ഡലങ്ങളിൽ വിജയിച്ചാണ് ഇത്തവണ യുഡിഎഫ് അധികാരത്തിലേറുന്നത്. ഇതിൽ 63 കോൺഗ്രസ് എംഎൽഎമാരുണ്ട്. 47 പേർ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണച്ചെങ്കിലും, ഘടകക്ഷികളുടെ അഭിപ്രായവും കേരളത്തിന്‍റെ പൊതുവികാരവും കൂടി കണക്കിലെടുത്ത് സതീശന് അനുകൂലമായി ഹൈക്കമാൻഡ് തീരുമാനമെടുക്കുകയായിരുന്നു.
കെപിസിസി മുൻ അധ്യക്ഷന്മാർ അടക്കമുള്ളവരെ ഡൽഹിയിലേക്ക് വിളിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം മാരത്തൺ ചർച്ചകൾ നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് മുസ്ലിം ലീഗും കേരള കോൺഗ്രസും സ്വീകരിച്ചത്. കെ.മുരളീധരൻ, വി.എം. സുധീരൻ എന്നിവരും വി.ഡി. സതീശനൊപ്പം നിന്നു.
എറണാകുളം നെട്ടൂരിൽ വടശേരി ദാമോദര മേനോന്‍റെയും വി. വിലാസിനിയമ്മയുടെയും മകനായി 1964 മേയ് 31നാണ് വി.ഡി. സതീശന്‍റെ ജനനം. നെട്ടൂർ എസ്‌വിയുപി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. നിയമ ബിരുദം നേടിയിട്ടുണ്ട്. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. തേവര സേക്രഡ് ഹാർട്ട് കോളെജ് ആർട്ട്സ് ക്ലബ് സെക്രട്ടറി, എംജി, കേരള സർവകലാശാലകളിൽ യൂണിയൻ കൗൺസിലർ, എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ എന്നീ പദവികൾക്കു ശേഷം എൻഎസ് യു ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
1996ൽ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു. അന്ന് സിപിഐ സ്ഥാനാർഥിയായിരുന്ന പി. രാജുവിനോട് പരാജയപ്പെട്ടു. പക്ഷേ പിന്നീടങ്ങോട്ട് വിജയങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന പറവൂരിനെ കോൺഗ്രസിന്‍റെ ഉരുക്കു കോട്ടയാക്കി മാറ്റിയത് സതീശനായിരുന്നു. 2001ൽ പി. രാജുവിനെ തോൽപ്പിച്ച് ആദ്യമായി നിയമസഭയിലെത്തി. 2006ൽ കെ.എം. ദിവാകരനെയും 2011ൽ സിപിഐയുടെ പന്ന്യൻ രവീന്ദ്രനെയും 2016ൽ ശാരദ മോഹനെയും 2021ൽ എം.ടി. നിക്സണെയും തോൽപ്പിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഇ.ടി. ടൈസണെ പരാജയപ്പെടുത്തി. 2001 മുതൽ ഒരിക്കൽ പോലും പറവൂർ വി.ഡി. സതീശനെ കൈയൊഴിഞ്ഞിട്ടില്ല. നിയമസഭാ സാമാജികത്വത്തിൽ കാൽ നൂറ്റാണ്ട് തികയ്ക്കുമ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നത്. ഭാര്യ ലക്ഷ്മി മകൾ ഉണ്ണിമായ
ഡിസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്‍റ്, നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും എസ്റ്റിമേറ്റ് കമ്മിറ്റിയുടെയും ചെയർമാൻ എഐസിസി സെക്രട്ടറി, കെപിസിസി ഉപാധ്യക്ഷൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 25 തവണയോളം മികച്ച എംഎൽഎയ്ക്കുള്ള അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.