വികസനങ്ങൾ യാഥാർഥ്യമാണെങ്കിലും, വിവാദങ്ങളുടെ കാർമേഘങ്ങളും വിട്ടൊഴിയാതിരുന്ന 10 വർഷമാണ് കടന്നുപോകുന്നത്.

 

MV Graphics

Special Story

വികസനത്തിന്‍റെയും വിവാദങ്ങളുടെയും 10 വർഷം

കിഫ്ബി മുഖേന കുതിച്ചുചാട്ടം നടത്തിയ അടിസ്ഥാനസൗകര്യ വികസനവും അതിന്‍റെ വിലയായി ഉയർന്ന കടബാധ്യതയും

VK SANJU

പ്രത്യേക ലേഖകൻ

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ ഒരു ദശകം പിന്നിട്ട് പിണറായി വിജയൻ മുഖ്യമന്ത്രി പദമൊഴിയുമ്പോൾ, ഭരണനേട്ടങ്ങളെയും പാളിച്ചകളെയും കുറിച്ചുള്ള സജീവമായ ചർച്ചകൾ തുടരുകയാണ്. തുടർച്ചയായി രണ്ട് തവണ അധികാരത്തിലിരുന്ന പിണറായി സർക്കാർ കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ തന്നെ, രാഷ്ട്രീയമായും ഭരണപരമായും വിവിധ വിവാദങ്ങളും ഈ കാലയളവിൽ നിഴൽ വീഴ്ത്തി.

ക്രെഡിറ്റ് ആർക്കെന്ന കാര്യത്തിൽ തർക്കം തുടരുമ്പോഴും, എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ അംഗീകരിക്കുന്ന വസ്തുതയാണ് കഴിഞ്ഞ പത്ത് വർഷം കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിലുണ്ടായ കുതിച്ചുചാട്ടം. നിശ്ചലമായിരുന്ന കിഫ്ബിയെ (KIIFB) പുനരുജ്ജീവിപ്പിച്ച് വിഭവസമാഹരണത്തിനായി ഫലപ്രദമായി ഉപയോഗിച്ചു എന്നത് ഇക്കാര്യത്തിൽ നിർണായകമായി. 2016-ലെ കിഫ്ബി ആക്റ്റ് ഭേദഗതിയിലൂടെ, ഫണ്ട് വകമാറ്റൽ തടയാനും ധനസമാഹരണം ഉറപ്പാക്കാനും സർക്കാരിന് സാധിച്ചു.

കിഫ്ബി

ഡോ. കെ.എം. എബ്രഹാം.

പരാജയപ്പെട്ടു എന്ന് കരുതപ്പെട്ടിരുന്ന കിഫ്ബിയെ കേരളത്തിന്‍റെ വികസന എൻജിനാക്കി മാറ്റിയതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ധനമന്ത്രിമാരായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കിന്‍റെയും കെ.എൻ. ബാലഗോപാലിന്‍റെയും കിഫ്ബിയെ നയിച്ച ഡോ. കെ.എം. എബ്രഹാം എന്ന ബ്യൂറോക്രാറ്റിന്‍റെയും ദീർഘവീക്ഷണമുണ്ട്. എബ്രഹാമിനെ പോലുള്ളവരുടെ പ്രൊഫഷണൽ മികവിനെ വിശ്വസിച്ചാണ് കിഫ്ബി എന്ന പരീക്ഷണം സർക്കാർ മുന്നോട്ടു കൊണ്ടു പോയത്. മുൻപ് ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി സർക്കാരുകൾ ഇതേ മാതൃക ഉപയോഗിക്കാൻ നടത്തിയ ശ്രമങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടായിരുന്നു ഡോ. എബ്രഹാമിന്‍റെ നീക്കങ്ങൾ.

സെബി (SEBI) പോലെയുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചയവും ഫിനാൻസ്, എൻജിനീയറിങ് മേഖലകളിലെ അക്കാഡമിക് മികവുമാണ് കെ.എം. എബ്രഹാമിനെ ഈ ദൗത്യത്തിനു നിയോഗിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ മസാല ബോണ്ട് ഇറക്കിയത് സംസ്ഥാനത്ത് പ്രതിപക്ഷ ആരോപണങ്ങൾക്കു കാരണമായെങ്കിലും, അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്‍റെ പ്രതിച്ഛായ വർധിപ്പിക്കാൻ സഹായിച്ചു നീക്കമായിരുന്നു അത്.‌

ആകെ 1,237 പദ്ധതികളിലായി ഒരു ലക്ഷം കോടിയോളം രൂപയുടെ പ്രവർത്തനങ്ങളാണ് കിഫ്ബി വഴി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 2026 മാർച്ച് വരെ 41,620 കോടി രൂപ ഇതിനകം പദ്ധതികൾക്കായി വിനിയോഗിച്ചു കഴിഞ്ഞു.

ഗതാഗതം

ദേശീയപാതകളുടെ നിർമാണം കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്വമാണ് എന്നതു വസ്തുതയാണ്. എന്നാൽ, കേരളം പോലെ ജനസാന്ദ്രത ഏറിയ സംസ്ഥാനത്ത് ഇതിനു വേണ്ടി ഭൂമി ഏറ്റെടുക്കുക എന്നത് വലിയ വെല്ലുവിളിയുമാണ്. ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട 25 ശതമാനം തുക കിഫ്ബി വഴി നൽകിയത് കേരളത്തിനു നേട്ടമായി.

ഇതുകൂടാതെ, പൊതുമരാമത്ത് വകുപ്പിന് കീഴിൽ മാത്രം 40,392 കോടി രൂപയുടെ 535 പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കി. 253 റോഡുകൾ, 98 പാലങ്ങൾ, 60 റെയിൽവേ മേൽപ്പാലങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കുകയോ പുരോഗമിക്കുമയോ ചെയ്യുന്നു. മലയോര ഹൈവേ, തീരദേശ ഹൈവേ, ആനക്കാംപൊയിൽ തുരങ്കപാത, വിഴിഞ്ഞം തുറമുഖം എന്നിവ ഇതിൽ പ്രധാനം.

വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി 45,000 സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കാനും സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കാനും സാധിച്ചിട്ടുണ്ടെന്ന് കിഫ്ബിയുടെ കണക്കുകളിൽ വ്യക്തമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് 3,241 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്.

ആരോഗ്യം

ആരോഗ്യമേഖലയിൽ 7,495 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ഇതോടെ താലൂക്ക്, ജനറൽ ആശുപത്രികൾ മികച്ച നിലവാരത്തിലേക്ക് ഉയർന്നു. സർക്കാർ ആശുപത്രികളിലെ മനംമടുപ്പിക്കുന്ന കാഴ്ചകൾക്ക് ഒരു പരിധി വരെ മാറ്റം വരുത്താൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്.

വിവാദം

വികസന പദ്ധതികൾ മുന്നേറുമ്പോഴും സർക്കാരിന്‍റെ പ്രവർത്തനശൈലിയും വകുപ്പുകളിലെ വീഴ്ചകളും കടുത്ത വിമർശനങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. സർക്കാരിന്‍റെ 'ധാർഷ്ട്യം' എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച പ്രവർത്തനശൈലിയും സൗജന്യങ്ങളുടെ രാഷ്ട്രീയവും ജനങ്ങൾക്കിടയിൽ സമ്മിശ്ര വികാരം ഉണ്ടാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്.

ആരോഗ്യമേഖലയിൽ വലിയ ഭൗതിക വികസനം നടക്കുമ്പോഴും, ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ചതുപോലുള്ള ഗുരുതരമായ വീഴ്ചകൾ വകുപ്പിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിലെ പോരായ്മയായി ഉയർത്തിക്കാണിക്കപ്പെട്ടു.

ആശങ്ക

വികസനം യാഥാർഥ്യമാണെങ്കിലും, ഇതിന് ആവശ്യം വന്ന വൻതോതിലുള്ള വായ്പകൾ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർക്കിടയിൽ നിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായി ഉയർന്നു. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ഏകദേശം 42,000 കോടിയിലധികം രൂപയുടെ വായ്പാ ബാധ്യത കിഫ്ബിക്കുണ്ടെന്നത് വസ്തുതയുമാണ്.

ഏകദേശം 98,837 കോടി രൂപയുടെ 1,237 പദ്ധതികളാണ് കിഫ്ബി വഴി സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിൽ 41,620 കോടി രൂപ ഇതിനകം വിനിയോഗിച്ചു കഴിഞ്ഞു. ഗതാഗത മേഖലയിൽ മാത്രം 40,392 കോടി രൂപയുടെ 535 പദ്ധതികൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

പത്തുവർഷത്തെ പിണറായി വിജയൻ ഭരണം കേരളത്തെ ഒരു ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിലേക്ക് നയിച്ചുവെങ്കിലും, അമിതമായ കടബാധ്യതയും ഭരണപരമായ വീഴ്ചകളും ഈ കാലഘട്ടത്തിന്‍റെ ചർച്ചാവിഷയങ്ങളായി അവശേഷിക്കുന്നു. പിണറായി സർക്കാരിന്‍റെ രണ്ടു ടേമുകളിലും സംസ്ഥാനത്തിന്‍റെ വികസന മുദ്രാവാക്യമായി കിഫ്ബി മാറിയിരുന്നു. എന്നാൽ, അതിന്‍റെ ദീർഘകാല സാമ്പത്തിക ആഘാതം കാത്തിരുന്നു കാണേണ്ടതു തന്നെയാണ്.

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ

"പരാജയം അപ്രതീക്ഷിതം, എല്ലാവർക്കും പറ‍യാനുള്ളത് കേൾക്കും"; പരാജയത്തിന് ശേഷം ആദ്യ പ്രതികരണവുമായി എം.വി. ഗോവിന്ദൻ

സർക്കാർ രൂപീകരിക്കാനൊരുങ്ങി വിജയ്; ഗവർണറെ കണ്ടു

തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു, ആദ്യ വിക്കറ്റ് വീണെന്ന് ബിജെപി

ആലിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന അവസ്ഥ, എംപിയെ എന്തിന് മുഖ്യമന്ത്രിയാക്കണം; കെസിക്കെതിരേ ഓർത്തഡോക്സ് സഭ