മത്സരത്തിൽ നിന്ന്
ബുലവായോ: സിംബാബ്‌വെയ്ക്കെതിരായ അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സ് പോരിൽ ഇന്ത‍്യയ്ക്ക് ജയം. നിശ്ചിത 50 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ‍്യം സിംബാബ്‌വെയ്ക്ക് മറികടക്കാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 148 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത‍്യ 204 റൺസിന് വിജയിച്ചു. സിംബാബ്‌വെയ്ക്കു വേണ്ടി ലീറോയ് ചിവൗല മാത്രമാണ് അർധസെഞ്ചുറി നേടിയത്. 77 പന്തുകൾ നേരിട്ട താരം 7 ബൗണ്ടറിയും ഒരു സിക്സും അടക്കം 62 റൺസാണ് അടിച്ചെടുത്തത്.
ലീറോയ്ക്കു പുറമെ കിയാൻ ബ്ലിഗ്നട്ട് 37 റൺസും തദേന്ദ ചിമുഗോരോ 27 റൺസും നേടി പുറത്തായി. മറ്റുതാരങ്ങൾ എല്ലാവരും നിരാശപ്പെടുത്തി. ഇന്ത‍്യക്കു വേണ്ടി ഉദ്ധവ് മോഹനും ആയുഷ് മാത്രെയും മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആർ.എസ്. അംബരീഷ് രണ്ടും ഹെനിൽ പട്ടേൽ, ഖിനിൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ വിഹാൻ മൽഹോത്രയുടെ സെഞ്ചുറിയും വൈഭവ് സൂര‍്യവംശി (52), അഭിജ്ഞാൻ കുണ്ഡു (61) എന്നിവരുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് 352 റൺസ് നേടിയത്.
ഇവർക്കു പുറമെ ഖിലാൻ പട്ടേൽ 12 പന്തിൽ 30 റൺസും ആർ.എസ്. അംബരിഷ് 21 റൺസും ആരോൺ ജോർജ് 23 ഉം ക‍്യാപ്റ്റൻ ആയുഷ് മാത്രേ 21 റൺസും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ വൈഭവ് സൂര‍്യവംശിയും ആരോൺ ജോർജും നൽകിയത്. ഒന്നാം വിക്കറ്റിൽ 44 റൺസ് അടിച്ചെടുക്കാൻ ഇരുവർക്കും സാധിച്ചു.
44 റൺസ് നിൽക്കെ ആദ‍്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വൈഭവ് ആയുഷ് മാത്രെക്കൊപ്പം ചേർന്ന് 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ടീം സ്കോർ 100ലെത്തി. പിന്നീട് ആയുഷ് മാത്രെയെയും വൈഭവ് സൂര‍്യവംശിയെയും ടീമിനു നഷ്ടമായതോടെ ടീം പ്രതിരോധത്തിലായെങ്കിലും അഞ്ചാം വിക്കറ്റിൽ വിഹാൻ മൽഹോത്രയും അഭിജ്ഞാൻ കുണ്ഡുവും നേടിയ 100 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ ടീം സ്കോർ ഉയർന്നു.
36ാം ഓവറിൽ അഭിജ്ഞാൻ കുണ്ഡു പുറത്തായെങ്കിലും ഖിലൻ പട്ടേൽ നേടിയ മിന്നൽ പ്രകടനം ടീമിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചു. സിംബാബ്‌വെയ്ക്കു വേണ്ടി തദേന്ദ ചിമുഗോരോ മൂന്നും പനാഷെ മാസൈ, സിംബരാഷെ മുഡ്സെൻഗെരെരെ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.