കാടുകൾ വീണ്ടെടുക്കൽ, അവകാശങ്ങളും|കാടിന്‍റെ കാവൽക്കാർ- പരമ്പര: ഭാഗം 2

 
Special Story

കാടുകൾ വീണ്ടെടുക്കൽ, അവകാശങ്ങളും|കാടിന്‍റെ കാവൽക്കാർ- പരമ്പര: ഭാഗം 2

മെട്രൊ വാർത്ത പ്രതിനിധി അജയൻ തയാറാക്കിയ പരമ്പര തുടരുന്നു

അജയൻ

വാഴച്ചാൽ - അതിരപ്പിള്ളി ബെൽറ്റിൽപ്പെടുന്ന ഒമ്പത് ഊരുകളിലെ ആദിവാസികൾക്ക് 400 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ള അവകാശം ഔദ്യോഗികമായി അംഗീകരിച്ചു കിട്ടുന്നത് 2014ലാണ്. വിവിധ ആദിവാസി സമൂഹങ്ങളെ ഒരുമിച്ചു കൊണ്ടുവരാനും, അവകാശങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കാനും, ഒടുവിൽ അധികാരികളെക്കൊണ്ട് അത് അംഗീകരിപ്പിക്കാനുമുള്ള പ്രയത്നം സുദീർഘവുമായിരുന്നു.

2006ലെ വനാവകാശ നിയമപ്രകാരം അവർക്ക് അനുവദിച്ചു കിട്ടിയ അവകാശങ്ങളിൽ പ്രധാനം കമ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ് (CFR) അവകാശമാണ്. പിതൃഭൂമിക്കൊപ്പം, അവരുടെ ബൗദ്ധിക സ്വത്തവകാശത്തെയും ഇതു സംരക്ഷിക്കുന്നു. ഇതുവഴി അവർക്ക് കാടുകളെ സംരക്ഷിക്കാനും പരിപാലിക്കാനും കൈകാര്യം ചെയ്യാനും അധികാരം ലഭിക്കുന്നു. അതിനുള്ള പരമ്പരാഗത വിജ്ഞാനവും അവർക്ക് തലമുറകളായി കൈമാറി കിട്ടിയിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയിൽ നടക്കുന്ന ഏത് വികസനപ്രവർത്തനങ്ങളിലും അവസാന വാക്ക് ആദിവാസികളുടേതാണ് എന്നുറപ്പിക്കുന്ന വ്യവസ്ഥയാണിത്. വനാവകാശം നിയമം നടപ്പാക്കിയ മേഖലയിൽ ആദിവാസികളുടെ അനുവാദമില്ലാതെ ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയില്ല.

നദികളിലെയും മറ്റ് ജലസ്രോതസുകളിലെയും മീനുകളുടെ കാര്യം എങ്ങനെയാണ്? ആ ഒരൊറ്റ ചോദ്യം ഞങ്ങളുടെ സമീപനത്തെ ആകെ മാറ്റിമറിക്കാനും കൂടുതൽ സമഗ്രമായൊരു ചട്ടക്കൂട് രൂപപ്പെടുത്താനും പ്രേരിപ്പിക്കുന്നതായിരുന്നു.'

നിയമം നടപ്പാക്കിയെടുക്കുന്നതിനു വേണ്ടി നടത്തിയ, വിജയകരമായ കഠിനാധ്വാനത്തെക്കുറിച്ച് WWF-I പ്രതിനിധി ടിജു ചിറമണ്ണിൽ തോമസ് വിശദീകരിച്ചു. ഓരോ ഗ്രാമത്തിന്‍റെയും പ്രാഥമിക വിഭവ-വിനിയോഗ ഭൂപടം തയാറാക്കുന്നതായിരുന്നു ആദ്യപടി. വനവിഭവങ്ങൾ ശേഖരിക്കാൻ ആദിവാസികൾ സ്ഥിരമായി പോകാറുള്ള പ്രദേശങ്ങൾ ഇതിൽ അടയാളപ്പെടുത്തി. ഇതൊക്കെ താരതമ്യേന ലളിതമായി മുന്നോട്ടു പോയി. ''എല്ലാം ശരിയായി വരുന്നു എന്നു ഞങ്ങൾ വിചാരിച്ചിരുന്ന സമയത്ത്, ഒരു ദിവസം നിർണായകമായൊരു ചോദ്യം ഒരു ആദിവാസി ഉന്നയിച്ചു- നദികളിലെയും മറ്റ് ജലസ്രോതസുകളിലെയും മീനുകളുടെ കാര്യം എങ്ങനെയാണ്? ആ ഒരൊറ്റ ചോദ്യം ഞങ്ങളുടെ സമീപനത്തെ ആകെ മാറ്റിമറിക്കാനും കൂടുതൽ സമഗ്രമായൊരു ചട്ടക്കൂട് രൂപപ്പെടുത്താനും പ്രേരിപ്പിക്കുന്നതായിരുന്നു.''

ഒടുവിൽ, ഓരോ ഗ്രാമത്തിനും ഒരു വിഭവശേഖരണ അതിർത്തി രേഖപ്പെടുത്തി. അതിർത്തികൾ പരസ്പരം കയറിയിറങ്ങിക്കിടക്കുന്നത് വെല്ലുവിളിയായിരുന്നു. ഭാവിയിൽ ഇതു പ്രശ്നങ്ങൾക്കു കാരണമാകാമെന്നു മനസിലാക്കി. ഇതു പരിഹരിക്കാൻ പല പാളികളായി അതിരുകൾ തിരിച്ചു. ''ഇതൊക്കെ എങ്ങനെ ചെയ്യണമെന്ന കാര്യത്തിൽ പിന്തുടരാൻ കീഴ്‌വഴക്കങ്ങളൊന്നുമില്ലായിരുന്നു'', ടിജു തുടർന്നു. ഓരോ ഗ്രാമവും അവരുടെ സ്വാതന്ത്ര്യത്തിൽ കിട്ടേണ്ടുന്ന അവകാശങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിച്ചു. ഇതിനുള്ള അംഗീകാരങ്ങൾ നേടിയെടുക്കലായിരുന്നു അടുത്ത പടി.

തേനെടുക്കുന്നതിനായി മരത്തിൽ കയറാനായി മരത്തടിയിൽ ചെറിയമുളക്കഷ്ണങ്ങൾ സ്ഥാപിക്കുന്നു,

ഗ്രാമസഭകളാണ് ആദ്യഘട്ടം അംഗീകാരം നൽകേണ്ടത്. ഗ്രാമവാസികളെല്ലാം നിർദേശങ്ങളോടു യോജിക്കുന്നു എന്നുറപ്പാക്കിയാണ് ഇതു ചെയ്യേണ്ടിയിരുന്നത്. അവിടെനിന്ന് അടുത്ത ഘട്ടത്തിൽ സബ് ഡിവിഷനൽ തല സമിതിയിലേക്ക്. റവന്യൂ ഡവിഷനൽ ഓഫിസർ അധ്യക്ഷനും ഫോറസ്റ്റ് റേഞ്ച് ഓഫിസറും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും അംഗങ്ങളുമായ സമിതിയാണിത്.

അവസാന ഘട്ടം അംഗീകാരം നൽകേണ്ടത് ജില്ലാതല സമിതിയായിരുന്നു. ജില്ലാ കലക്റ്ററാണ് ഇതിന്‍റെ അധ്യക്ഷൻ; ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും ട്രൈബൽ ഡെവലപ്മെന്‍റ് ഓഫിസറും മൂന്ന് ജില്ലാ പഞ്ചായത്ത് പ്രതിനിധികളും അംഗങ്ങൾ.

അതിർത്തികൾ ലംഘിക്കപ്പെട്ടാൽ ഉണ്ടാകാനിടയുള്ള തർക്കങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന നിർണായക ചോദ്യം ജില്ലാ കലക്റ്റർ ഉന്നയിച്ചത് ഈ ഘട്ടത്തിലാണ്. സംഘർഷരഹിതമായി മുന്നോട്ടുപോകാനാകുമെന്ന് ഉറപ്പാക്കും വിധം ഈ മുഴുവൻ പ്രക്രിയയും പുനരവലോകനം ചെയ്യേണ്ടതിന്‍റെ ആവശ്യകതയാണ് അതോടെ ഉയർന്നുവന്നത്. ഒടുവിൽ അന്തിമ അംഗീകാരവും ലഭ്യമായി. അവകാശ സർട്ടിഫിക്കറ്റ് 2014ൽ അന്നത്തെ വനം വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ആദിവാസികൾക്കു കൈമാറുകയും ചെയ്തു. ഇങ്ങനെയൊരു മാതൃക പ്രാബല്യത്തിൽ വന്നതോടെ പറമ്പിക്കുളത്ത് ഇതു നടപ്പാക്കാൻ എളുപ്പമായി.

വാഴച്ചാൽ ഡിവിഷനിലെ സിഎഫ്ആർ മേഖല കൈകാര്യം ചെയ്യാൻ ഒമ്പത് ഊരുകളെ ഏകോപിപ്പിക്കുന്ന പ്രക്രിയയും ബുദ്ധിമുട്ടേറിയതായിരുന്നു. ഓരോ ഊരിനും അപ്പോൾ ഒരോ സമിതിയുണ്ട്. അതിനാൽ, എല്ലാ ഊരുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വാഴച്ചാൽ സിഎഫ്ആർ ഏകോപന സംഘം രൂപീകരിച്ചു. മുഴുവൻ മേഖലയുടെയും ഉത്തരവാദിത്വം ഈ സമിതിക്കു നൽകി. സാഹോദര്യം നിലനിർത്താനും തീരുമാനങ്ങൾ ഏകോപിപ്പിക്കാനും ഭാവിയിൽ ഉണ്ടാകാനിടയുള്ള സംഘർഷങ്ങൾ പരിഹരിക്കാനും ഈ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്.

സിഎഫ്ആർ മേൽനോട്ടത്തിനും വന സംരക്ഷണത്തിനും പരിപാലനത്തിനുമായി വിവിധ ഗ്രാമ സമിതികൾ തയാറാക്കിയ പദ്ധതികൾ സംസ്ഥാന വനം വകുപ്പിനു സമർപ്പിച്ചിട്ടുള്ളതായി ഒരു മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇനി വരാനുള്ള പ്രവർത്തന പദ്ധതിയിൽ ഇവയും ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വന സംരക്ഷണത്തിനും മേൽനോട്ടത്തിനുമുള്ള സംയോജിത സമീപനമാണ് ഇതിന്‍റെ ലക്ഷ്യം.

ഭാഗം 1: ഗാഡ്ഗിലിന്‍റെ വാക്കുകൾ ഊർജം പകർന്ന മുന്നേറ്റം‌

ഭാഗം 2: കാടുകൾ വീണ്ടെടുക്കൽ, അവകാശങ്ങളും

ഭാഗം 3: അണക്കെട്ടുകളും കുടിയൊഴിക്കലും പ്രതിരോധവും

ഭാഗം 4: അവകാശങ്ങൾക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ