ജലസമാധിയിലെ വ്യാളീമുഖങ്ങൾ: വിയറ്റ്നാം യാത്രാവിവരണം - 9

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന, കമ്യൂണിസവും വിശ്വാസവും കൈകോർത്തു കഴിയുന്ന നാട്. യുദ്ധകലുഷിതമായ ഭൂതകാലം മറഞ്ഞുകിടക്കുന്ന ശാന്തമായൊരു രാജ്യം. വിയറ്റ്നാം യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും...
വിയറ്റ്നാം യാത്രാവിവരണം - 9 | Vietnam travelogue part 9

കടലിലും പുഴയിലും പാതിമുങ്ങിക്കിടന്ന പാറക്കെട്ടുകൾ; അടിത്തട്ടിലെവിടെയോ മയങ്ങിക്കിടക്കുന്ന വ്യാളിയുടെ പുറത്തെ മുള്ളുകൾ പോലെ...

VK SANJU

Updated on

വി.കെ. സഞ്ജു

ക്രൗൺ ലെജൻഡ് ഇനി കരയിലേക്കൊഴുകും. അവിടെനിന്ന് റോഡ് മാർഗം മൂന്നര മണിക്കൂറോളമുണ്ട് ഹാനോയിലേക്ക്. ലയൺ ബുട്ടീക് എന്ന ഹോട്ടലിലേക്കു തന്നെയാണ് മടക്കം. മുൻനിശ്ചയ പ്രകാരമുള്ള പരിപാടികളെല്ലാം അവസാനിച്ചു. ടിപ്പ് വാങ്ങാൻ അന്നത്തെ ഗൈഡ് എറിക് വിസമ്മതിച്ചപ്പോൾ അതിശയം തോന്നി. പൂജ്യത്തിന്‍റെ എണ്ണമെടുത്ത് നോട്ടിന്‍റെ മൂല്യം തിരിച്ചറിയാൻ അപ്പോഴും ശീലിച്ചിച്ചിരുന്നില്ല. ഇനി പൂജ്യമെങ്ങാനും കുറഞ്ഞുപോയതിന്‍റെ പ്രതിഷേധമാകുമോ എന്തോ!

വൈകുന്നേരത്തോടെ തിരികെ ഹോട്ടലിൽ. വൗച്ചർ കളഞ്ഞുപോയതിനാൽ, സൗജന്യ ബിയർ ബാത്ത് നഷ്ടം. പക്ഷേ, അത്രയും നേരം കൂടി ഹാനോയ് തെരുവുകളിൽ അലയാൻ അവസരമായി. ക്രൗൺ ലെജൻഡിനുള്ളിലെ സമയമത്രയും വൈഫൈ സഹായത്തോടെ പുറംലോകവുമായി ദുർബലമായെങ്കിലും ബന്ധം നിലനിർത്തിയിരുന്നു. പക്ഷേ, കരയിലെത്തിയതോടെ റോമിങ് പിഴവ് വീണ്ടും പ്രശ്നമായിത്തുടങ്ങി.

നടന്നുനടന്ന് വഴി തെറ്റിയെന്ന് ഏറെക്കുറെ ഉറപ്പായി. ഇടയ്ക്കു വഴിയിൽ കിട്ടിയ വൈഫൈ പിടിച്ച് ഗൂഗ്ൾ മാപ്പ് കൊണ്ടുചെന്നെത്തിച്ചത് ഹോട്ടലിന്‍റെ പിന്നിൽ എവിടെയോ ആണ്. പക്ഷേ, പോയപ്പോൾ കാണാത്ത ഒരു പള്ളി അതാ തൊട്ടു മുന്നിൽ. ഇരുട്ടു മൂടിയ ആകാശത്തിനു കീഴെ, തിളങ്ങുന്ന നിലാവ് അതിരിട്ട കാർമേഘങ്ങളൊരുക്കിയ ഹൊറർ ഫീലിൽ, ഒരു കറുത്തിരുണ്ട പള്ളി.

സെന്‍റ് ജോസഫ്സ് കത്തീഡ്രൽ എന്ന കത്തോലിക്കാ ചർച്ചാണ്. ഹോട്ടലിൽ നിന്നു കിട്ടിയ മാപ്പ് പരിശോധിച്ചപ്പോൾ നാ ചുങ് എന്ന സ്ട്രീറ്റാണതെന്നു മനസിലായി. പത്തൊമ്പതാം നൂറ്റാണ്ടിൽ ഗോഥിക് റിവൈവൽ ശൈലിയിൽ നിർമിച്ച പള്ളി. ദുരൂഹതകൾ ഉറങ്ങിക്കിടക്കുന്ന കോട്ട പോലെ ഒന്ന്. വിയറ്റ്നാമിന്‍റെ പേട്രൺ സെയിന്‍റാണ് സെന്‍റ് ജോസഫ്.

വിയറ്റ്നാം യാത്രാവിവരണം - 9 | Vietnam travelogue part 9

പോയപ്പോൾ കാണാത്ത ഒരു പള്ളി അതാ തൊട്ടു മുന്നിൽ. ഇരുട്ടു മൂടിയ ആകാശത്തിനു കീഴെ, തിളങ്ങുന്ന നിലാവ് അതിരിട്ട കാർമേഘങ്ങളൊരുക്കിയ ഹൊറർ ഫീലിൽ...

VK SANJU

ഏതായാലും, ഹോട്ടലിലേക്കുള്ള വഴി കണ്ടുപിടിക്കാൻ പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. വന്ന ദിവസം കണ്ട വെസ്റ്റ് ലേക്കിന്‍റെ തീരത്തെ നടപ്പാതയൊക്കെ വീണ്ടും മുന്നിൽ തെളിഞ്ഞു. ഇത്ര ചെറുതായിരുന്നോ ഈ തലസ്ഥാന നഗരി!

അടുത്ത ദിവസം മടക്കയാത്രയാണ്. ഉറങ്ങാൻ ഇഷ്ടംപോലെ സമയം. കടലിലും പുഴയിലും പാതിമുങ്ങിക്കിടന്ന പാറക്കെട്ടുകൾ; അടിത്തട്ടിലെവിടെയോ മയങ്ങിക്കിടക്കുന്ന വ്യാളിയുടെ പുറത്തെ മുള്ളുകൾ പോലെ... പാതിമയക്കത്തിലും മനസ് നിറഞ്ഞ് മായക്കാഴ്ചകൾ....

വിയറ്റ്നാം യാത്രാവിവരണം - 9 | Vietnam travelogue part 9

പാതിമയക്കത്തിലും മനസ് നിറഞ്ഞ് വിയറ്റ്നാമിന്‍റെ മായക്കാഴ്ചകൾ....

VK SANJU

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com