
പുരാതന വിയറ്റ്നാമിന്‍റെ തലസ്ഥാനമായിരുന്ന ഹോവ ലു.
VK SANJU
വി.കെ. സഞ്ജു
മഴച്ചാറ്റലിൽ നനഞ്ഞ പ്രഭാതം. പറഞ്ഞതിലും നേരത്തെ ജേഡൻ ഹോട്ടൽ ലോബിയിൽ ഹാജരായി. മുന്നിലെ റോഡിനു വീതി കുറവായതിനാൽ ട്രാവലർ പോലുള്ള വലിയ വണ്ടി അൽപ്പം മാറ്റി പാർക്ക് ചെയ്തിട്ടുണ്ട്. സഹയാത്രികരിൽ മിക്കവരും അപ്പോഴും എത്തിയിട്ടില്ല. പലരെയും ഡബിളും ട്രിപ്പിളുമടിച്ച് സ്കൂട്ടറിൽ കൊണ്ടുവന്നു ജേഡൻ. നിർത്തുന്നിടത്തെല്ലാം ഇയാൾക്ക് എവിടുന്നാണ് ഓരോ സ്കൂട്ടർ കിട്ടുന്നതെന്ന് മനസിലായതേയില്ല.
ഇരുചക്രവാഹനങ്ങളുടെ അതിപ്രസരം തന്നെയാണ് വിയറ്റ്നാമിലെ റോഡുകളിൽ. നമ്മുടെ രീതിയിലുള്ള മോട്ടോർ സൈക്കിളുകൾ ഇല്ലെന്നു തന്നെ പറയാം. ആക്റ്റീവയും ആക്സസും ഒക്കെപ്പോലെയുള്ള ഗിയർലെസ് സ്കൂട്ടറുകളാണ് ഏറെയും. ഗിയറുള്ള മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറിന്‍റെ രൂപം തന്നെ. സീറ്റിനു മുന്നിൽ സാധനങ്ങൾ വയ്ക്കാനുള്ള സ്പേസ് നിർബന്ധമാണ്. മുഖം മറയ്ക്കാത്ത ഹെൽമെറ്റുകളും വച്ച് ധൃതി കൂട്ടാതെ സ്കൂട്ടറോടിച്ചു പോകുന്ന മെലിഞ്ഞ മനുഷ്യരാണ് എവിടെയും.
ഹോവ ലുവിലെ പാറക്കെട്ടുകളിൽനിന്നൊരു കാഴ്ച.
VK SANJU
സഹയാത്രികരെയെല്ലാം സ്വരുക്കൂട്ടി യാത്ര തുടങ്ങാൻ വൈകി. എങ്കിലും വിയറ്റ്നാമിലെ സാധാരണ ജനജീവിതത്തിലേക്കുള്ള നേർക്കാഴ്ചകളായിരുന്നു ഓരോ യാത്രക്കാർക്കും വേണ്ടിയുള്ള കാത്തിരിപ്പുകൾ. ഇടുങ്ങിയ തെരുവുകൾ രാവിലെ തന്നെ സജീവമാണ്. വഴിയോര ഭക്ഷണശാലകളിൽ ബൗളുകളും ചോപ്പ് സ്റ്റിക്കുകളുമായിരിക്കുന്നവർ. ഗ്ലാസുകളിൽ ബിയർ. ഇലവർഗങ്ങളും പഴങ്ങളും വിൽക്കാൻ സൈക്കിളിലും നടന്നുമെല്ലാം നീങ്ങുന്ന നാട്ടുകാർ. രണ്ടു പേർക്കിരിക്കാവുന്ന ചുവന്ന സൈക്കിൾ റിക്ഷകൾ. കാറുകൾ പോലെയുള്ള സ്വകാര്യ വാഹനങ്ങൾ അത്യപൂർവം.
''ബുദ്ധമതക്കാരും കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകളും കൺഫ്യൂഷ്യനിസ്റ്റുകളും ഇവിടെയുണ്ട്. പിന്നെ, എന്നെപ്പോലെ മതമില്ലാത്തവരും'', ജേഡന്‍റെ കോളർ മൈക്ക് വാചാലമായി.
നിൻ ബിൻ പ്രവിശ്യയിലുള്ള പുരാതന വിയറ്റ്നാം തലസ്ഥാനത്തേക്കാണ് യാത്ര- ഹോവ ലു. അവിടെ ഡിങ്, ലെ, ലി എന്നീ രാജവംശങ്ങളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്നു. മൂന്നു രാജാക്കൻമാരുടെ സ്മരണകളിരമ്പുന്ന ക്ഷേത്ര സമുച്ചയം. ഡ്രാഗണും യൂണികോണും ആമയും ഫീനിക്സും കഥകളായി സന്ദർശകർക്കു മുന്നിലേക്കു തലനീട്ടുന്ന അന്തരീക്ഷം.
ഇതുവരെ കേട്ടതിൽ ഭേദപ്പെട്ട ഇംഗ്ലീഷാണ് ജേഡന്‍റേത്. ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരന്‍റെ ശബ്ദം കൂടുതൽ ഊർജസ്വലമായി. ഡ്രാഗൺ, അഥവാ വ്യാളി, വിയറ്റ്നാംകാർക്ക് അവരുടെ സ്വന്തം പൂർവികനാണെന്ന് ജേഡൻ. അതുകൊണ്ട് നാല് മിത്തിക്കൽ ജീവികളിൽ ഏറ്റവും പ്രാധാന്യം വ്യാളിക്കാണ്. വ്യാളികളുടെ രാജാവായിരുന്ന ലാക് ലോങ് ക്വാൻ പക്ഷിവംശത്തിൽനിന്നുള്ള ഔ കോ എന്ന സുന്ദരിയെ വിവാഹം കഴിച്ചു. അവരുടെ നൂറ് മക്കളിലെ ആദ്യജാതനാണ് വിയറ്റ്നാമിലെ ആദ്യ രാജവംശം സ്ഥാപിച്ചതെന്ന് വിശ്വാസിയല്ലാത്ത ജേഡൻ പറഞ്ഞു.
ഹോവ ലു - പ്രവേശന കവാടം.
VK SANJU
അധികാരത്തിന്‍റെയും രാജകീയതയുടെയും അനശ്വരതയുടെയും പ്രതീകമാണ് അവർക്ക് ഡ്രാഗൺ. മുതല, പാമ്പ്, പൂച്ച, എലി, പക്ഷി എന്നിവയുടെ ഘടകങ്ങൾ ചേരുന്നതാണ് ഡ്രാഗൺ രൂപം. ഡ്രാഗണിൽ നിന്നു വാങ്ങിയ വാൾ ഉപയോഗിച്ച് ചൈനീസ് അധിനിവേശത്തെ ചെറുത്ത രാജാവ് ആ വാൾ തിരിച്ചുനൽകിയത് ഡ്രാഗണിന്‍റെ ശിഷ്യനായ ആമ വഴിയെന്നാണ് വിശ്വാസം. ആമ ദീർഘായുസിന്‍റെയും ബുദ്ധിശക്തിയുടെയും പ്രതീകമാണ്. സമാധാനത്തിന്‍റെയും ദയയുടെയും സൗഭാഗ്യത്തിന്‍റെയും പ്രതീകമാണ് യൂണികോൺ. പാശ്ചാത്യലോകത്തിന്‍റെ യൂണികോൺ സങ്കൽപ്പം പോലെയല്ല ഇത്. ഇവിടെ കുതിരയുടെയും ഡ്രാഗണിന്‍റെയും പോത്തിന്‍റെയും ഘടകങ്ങൾ ചേരുന്ന സങ്കൽപ്പമാണത്.
ചക്രവർത്തിമാരെ പ്രതിനിധീകരിക്കുന്നത് ഡ്രാഗണാണെങ്കിൽ, ചക്രവർത്തിനിമാരെ പ്രതിനിധീകരിക്കുന്നത് ഫീനിക്സാണ്. പാമ്പിന്‍റെ കഴുത്തും മീവൽ പക്ഷിയുടെ മാറും ആമയുടെ പുറവും മത്സ്യത്തിന്‍റെ വാലുമാണ് ഫീനിക്സ് സങ്കൽപ്പത്തിന്. കറുപ്പ്, വെള്ള, ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ വിയറ്റ്നാമിന്‍റെ പരമ്പരാഗത നിറങ്ങൾ അഞ്ചുമുള്ള തൂവലുകളുമുണ്ടതിന്. ഈ അഞ്ച് നിറങ്ങളുള്ള പതാകകൾ ക്ഷേത്രങ്ങളിലും കാണാം.
ഹോവ ലു.
VK SANJU
ഭാഗം 1 - വിയറ്റ്നാമിലെ വ്യാളീമുഖങ്ങൾ
ഭാഗം 2 - ജീവനുള്ള അൾത്താരകൾ
ഭാഗം 3 - ഹാനോയിലെ മില്യനയർ
ഭാഗം 4 - ഭൂതകാലത്തിന്‍റെ തലസ്ഥാനം
ഭാഗം 5 - പുഴപ്പാതിയിലെ മഴ
ഭാഗം 6 - ബോധിസത്വനും വ്യാളിയും
ഭാഗം 7 - ഗോൾഡൻ ഡ്രാഗൺ
ഭാഗം 8 - വിയറ്റ്നാമിലെ ഗുണാ കേവ്സ്
ഭാഗം 9 - ജലസമാധിയിലെ വ്യാളീമുഖങ്ങൾ