വിയറ്റ്നാമിലെ ഗുണാ കേവ്സ്: വിയറ്റ്നാം യാത്രാവിവരണം - 8

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന, കമ്യൂണിസവും വിശ്വാസവും കൈകോർത്തു കഴിയുന്ന നാട്. യുദ്ധകലുഷിതമായ ഭൂതകാലം മറഞ്ഞുകിടക്കുന്ന ശാന്തമായൊരു രാജ്യം. വിയറ്റ്നാം യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും...
വിയറ്റ്നാമിലെ ഗുണാ കേവ്സ്: വിയറ്റ്നാം യാത്രാവിവരണം - 8

വിയറ്റ്നാമിലെ ഹോ ഹോൻ ദ്വീപിലുള്ള ഹാങ് സുങ് സോട്ട് എന്ന ഗുഹ.

VK SANJU

Updated on

വി.കെ. സഞ്ജു

നേരം പുലർന്നു വരുന്നതേയുള്ളൂ. ക്രൗൺ ലെജൻഡിൽ ഉറങ്ങിയുണർന്ന പ്രഭാതം മിഴി തുറക്കുന്നത് ഹാങ് സുങ് സോട്ടിലേക്കാണ്. ഹാങ് എന്നാൽ ഗുഹ. ഉൾക്കടലിലെ തുരുത്തിൽ അതിവിശാലമായൊരു ഗുഹയുണ്ടെന്നു പറഞ്ഞായിരുന്നു ക്യാപ്റ്റൻ ഡാമിന്‍റെ പ്രഭാഷണം. പക്ഷേ, ചെന്നു നിന്നത് കഴിഞ്ഞ ദിവസം കയറിയ താം കോക്കിനെ ഓർമിപ്പിക്കുന്ന ഒരു ഇടുങ്ങിയ പടിക്കെട്ടിനു മുന്നിൽ.

അപ്പോഴും പൊടിഞ്ഞുകൊണ്ടിരിക്കുന്ന മഴ. കൽപ്പടവുകളിൽ വഴുക്കലില്ല. പക്ഷേ, കാഴ്ചയിൽ പായൽ പിടിച്ചതു പോലെ തോന്നിച്ചതിനാൽ ആശങ്കയോടെയാണ് ഓരോ ചുവടുകളും മുകളിലേക്കു വയ്ക്കുന്നത്. ചെന്നു കയറിയത് ഇടുങ്ങിയ ഒരു ഗുഹാമുഖത്തേക്ക്. പക്ഷേ, ഉള്ളിലേക്കു കയറിയാൽ കോട്ടയം അയ്യപ്പാസിന്‍റെ പഴയ പരസ്യം പോലെയാണ്. പുറത്തു നിന്നു നോക്കിയാൽ ചെറുതാണെന്നു തോന്നുമെങ്കിലും അകത്തു കയറിയാൽ അതിവിശാലമായ ഷോറൂം.

ഹോ ഹോൻ എന്ന ദ്വീപിലാണ് ഈ ഗുഹാ ശൃംഖല നിലനിൽക്കുന്നത്. ആ കരഭാഗം മുഴുവൻ നിറഞ്ഞ് വൃക്ഷനിബിഢമായ വലിയൊരു കുന്ന്. ആ കുന്നിന്‍റെ ഗർഭത്തിലേക്കാണ് ഗുഹയിലൂടെയുള്ള യാത്ര. ഉള്ളിൽ വലിയ സമ്മേളനങ്ങൾ പോലും നടത്താൻ മാത്രം വിശാലമായ ഇടങ്ങൾ. പണ്ടെന്നോ ഗുഹാ മനുഷ്യർ കിടന്നുറങ്ങിയവയെന്നു സങ്കൽപ്പിക്കാവുന്ന ശിലാശയ്യകൾ.

തലയ്ക്കു മീതേ വലിയൊരു മലയാണ്. അതിനെ താങ്ങിനിർത്താനെന്നോണം ഇടയ്ക്കിടെ പ്രകൃതിദത്തമായ തൂണുകൾ. അവിടവിടെയായി ഇറ്റിറ്റും ധാരധാരയായും പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന തണുത്ത വെള്ളം. അതു ചെന്നു പതിക്കുന്ന അഗാധ ഗർത്തങ്ങൾ. മഞ്ഞുമ്മൽ ബോയ്സിലെ ഗുണാ കേവ്സ് ഓർമകളിൽ തെളിഞ്ഞു.

വിയറ്റ്നാം യാത്രാവിവരണം - 8 | Vietnam travelogue part 8

വിയറ്റ്നാമിലെ ഹോ ഹോൻ ദ്വീപിലുള്ള ഹാങ് സുങ് സോട്ട് എന്ന ഗുഹയുടെ ഉൾവശം.

VK SANJU

വിചിത്രരൂപികളായ പല പാറക്കല്ലുകളിലേക്കും പ്രകാശം പതിപ്പിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വെള്ളം വീണ് കുതിർന്ന മണ്ണിലും വഴുക്കലില്ല. ആ ഗുഹ ചെന്നവസാനിക്കുന്നത് കുന്നിന്‍റെ മറ്റൊരു വശത്താണ്. വീണ്ടും പടവിറങ്ങിച്ചെല്ലുമ്പോൾ, ഇന്ത്യക്കാരെന്നു തോന്നിച്ച ഒരു സ്ത്രീയും പുരുഷനും ആശങ്കയോടെ ഉഴറി നിൽക്കുന്നു. കാത്തുനിന്നതു പോലെ അവർ ചോദിച്ചു, ''ആർ യൂ ഫ്രം ഇന്ത്യ?''

ചോദിച്ച കാര്യം ഞാൻ സ്ഥിരീകരിച്ചപ്പോൾ അവരുടെ മുഖത്ത് ആശ്വാസം പുഞ്ചിരിയായി. പറഞ്ഞു വന്നപ്പോൾ തമിഴ്‌നാട്ടുകാരാണ്. മധുരയിൽനിന്ന് വലിയൊരു ഗ്രൂപ്പിനൊപ്പം വന്നതാണ്. പിന്നെ തമിഴിലായി സംസാരം. ഉള്ളിലേക്കു പോയ മകൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അച്ഛനും അമ്മയും കയറിയില്ല. ഗുഹ റിസ്കാണോ എന്നാണ് അവർക്കറിയേണ്ടത്. പുറത്തുനിന്നു നോക്കുമ്പോൾ അതിസാഹസികമെന്ന് ആർക്കും തോന്നാം. പക്ഷേ, പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ച് ബോട്ടിനടുത്തേക്കു നടന്നു.

വിയറ്റ്നാം യാത്രാവിവരണം - 8 | Vietnam travelogue part 8

ഹാ ലോങ് ബേയിലെഇത്തരംപടുകൂറ്റൻ ചുണ്ണാമ്പ് കല്ലുകൾ പലതും വലിയ ഗുഹകളെ ഒളിപ്പിച്ചുവച്ചിരിക്കുന്നു.

VK SANJU

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com