
പ്രശസ്തമായ നാപാം ഗേൾ ഫോട്ടൊ | വിയറ്റ്നാമിന്‍റെ ആകാശദൃശ്യം
വി.കെ. സഞ്ജു
വിയറ്റ്നാമിലേക്കു യാത്ര തിരിക്കുമ്പോൾ ഒരു ചിത്രമുണ്ടായിരുന്നു മനസിൽ- ആർത്തനാദത്തിന്‍റെ ആൾരൂപം പോലെ ഒരു പെൺകുട്ടി; അമേരിക്ക വർഷിച്ച നാപാം ബോംബിന്‍റെ 2500 ഡിഗ്രി പൊള്ളലും കറുത്തിരുണ്ട വിഷപ്പുകയും കടന്ന് വിവസ്ത്രയായി ഓടിവരുന്ന ഒമ്പതുവയസുകാരി; മനുഷ്യ മനഃസാക്ഷിയുടെ മരവിപ്പായി മാറിയ നാപാം ഗേളിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം! പക്ഷേ, ഹാനോയിൽ വിമാനമിറങ്ങും മുൻപേ ജാലകക്കാഴ്ചകളിൽ നിറഞ്ഞ താമരപ്പാടങ്ങളും ജലാശയങ്ങളും ചേർന്ന് ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിലേക്ക് അസംഖ്യം നിറങ്ങൾ വാരിത്തൂവി.
'സ' ഇല്ലാത്ത നാട്
മലനിരകൾക്കും ജലാശയങ്ങൾക്കും പാടശേഖരങ്ങൾക്കും നടുവിൽ, ആഡംബരമില്ലാത്തൊരു നഗരദൃശ്യം തെളിഞ്ഞുവന്നു. വലിയ തിരക്കൊന്നും തോന്നിക്കാത്ത വിമാനത്താവളം. ആശ പറഞ്ഞേൽപ്പിച്ചതനുസരിച്ച് ലാം അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു; ഗൈഡാണ്, കൂടെയൊരു ഡ്രൈവറും. തിരക്കില്ലാത്ത നഗരവീഥികളിലൂടെ കാർ മുന്നോട്ടു നീങ്ങി. വശങ്ങളിലെ കടകളുടെ ബോർഡുകളൊക്കെ ഇംഗ്ലീഷിലാണ്. കുത്തും വരയുമൊക്കെ കൂട്ടിച്ചേർത്ത ഇംഗ്ലീഷ് അക്ഷരങ്ങൾ. കൊങ്കിണി ഒക്കെപ്പോലെ സ്വന്തമായി ലിപിയില്ലാത്ത വിയറ്റ്നാമീസ് ഭാഷ എഴുതാൻ ഈ ലാറ്റിൻ സ്ക്രിപ്റ്റാണ് ഉപയോഗിക്കുന്നത്. അതല്ലാതെ, സംസാര ഭാഷയ്ക്ക് ഇംഗ്ലീഷുമായി ബന്ധമൊന്നുമില്ല.
അപരിചിതമായ ഭാഷയിൽ ഡ്രൈവർക്ക് ലാം വഴി പറഞ്ഞുകൊടുക്കുന്നുണ്ട്. 'ഇംഗ്ലീഷ് സ്പീക്കിങ് ഗൈഡ്' എന്നാണ് ലാമിന്‍റെ വിശേഷണം. പക്ഷേ, സ്പീക്കിങ് മാത്രമേയുള്ളൂ. അങ്ങോട്ടു പറയുന്ന ഇംഗ്ലീഷ് മനസിലാകുന്നുണ്ടെന്നു തോന്നിയില്ല. ഇങ്ങോട്ടു പറയുന്നതും ഡീകോഡ് ചെയ്യാൻ സമയമെടുത്തു. എന്തു പറഞ്ഞാലും സയും റയും സൈലന്‍റാണ്. ''വിച്ച് ക്ലാ യു റ്റഡി'' എന്നു ലാം ചോദിച്ചതു കേട്ട് മകൾ അന്തം വിട്ടിരുന്നു. രണ്ടു 'സ്' ചേർത്തപ്പോൾ സംഗതി ക്ലിയറായി, ''വിച്ച് ക്ലാസ് യു സ്റ്റഡി'' എന്നാണ് ചോദ്യം....
നിശ്വാസദൂരത്തിൽ ഒരു ചൂളംവിളി
റീലുകളിൽ കണ്ടു പരിചയിച്ച ട്രെയിൻ സ്ട്രീറ്റ് അവിടെ അടുത്തെങ്ങാനുമാണോ എന്നറിയാൻ ലാമിനോട് ചോദിച്ചിട്ട് ഒരു രക്ഷയുമില്ല. ഗൂഗിളിൽ ഫോട്ടോ തെരഞ്ഞു കാണിച്ചപ്പോൾ ലാം തിരുത്തി- ''ടെയിൻ ടീറ്റ്''.
VK SANJU
ഇൻസ്റ്റഗ്രാം റീലുകളിൽ കണ്ടു പരിചയിച്ച ട്രെയിൻ സ്ട്രീറ്റ് അവിടെ അടുത്തെങ്ങാനുമാണോ എന്നറിയാൻ ലാമിനോട് ചോദിച്ചിട്ട് ഒരു രക്ഷയുമില്ല. ഗൂഗിളിൽ ഫോട്ടോ തെരഞ്ഞു കാണിച്ചപ്പോൾ മനസിലായി, എന്‍റെ ഭാഗത്തും തെറ്റുണ്ട്. ''ടെയിൻ ടീറ്റ്'', ലാം തിരുത്തി. ഇയാളെങ്ങനെയാണ് എയർപോർട്ടിൽ വച്ചു കണ്ടപ്പോൾ എന്‍റെ പേര് തെറ്റിക്കാതെ വിളിച്ചതെന്ന് അദ്ഭുതം തോന്നി.
ഏതായാലും ഹോട്ടലിലേക്കുള്ള വഴിയിൽ തന്നെയാണ് ട്രെയിൻ സ്ട്രീറ്റ്. റെയിൽ പാതയോടു ചേർന്ന് കസേരയും മേശയുമിട്ടിരുന്ന് ചായ കുടിക്കാവുന്ന സ്ഥലം. അവിടെ പഴയതുപോലെ ഇപ്പോൾ സന്ദർശകരെ കടത്തിവിടുന്നില്ലത്രെ. ഇരുവശത്തുമുള്ള ചെറു കഫെകളിൽ നിന്ന് എന്തെങ്കിലും വാങ്ങുന്നവർക്കു മാത്രമേ അവിടെയിരുന്ന് ട്രെയിൻ കാണാൻ അനുവാദമുള്ളൂ. അതിനു കുഴപ്പമുണ്ടോ എന്നായി ലാമിന്‍റെ ചോദ്യം. കുഴപ്പമില്ല, തലേന്നു രാത്രി തുടങ്ങിയ യാത്രയാണ്. രാവിലെ ഒന്നും കഴിച്ചിട്ടില്ല. നേരം ഉച്ചയാവാറായി, നല്ല വിശപ്പുണ്ട്.
ഡോളറോ ക്രെഡിറ്റ് കാർഡോ ഒക്കെ ഉണ്ടെങ്കിൽ ഇവിടെ കാര്യങ്ങൾ നടക്കുമെന്ന ഇന്‍റർനെറ്റ് അറിവ് തെറ്റായിരുന്നു. ഇതു രണ്ടും ചെറുകിട സെറ്റപ്പുകളിൽ എടുക്കില്ല. വിമാനത്തിൽനിന്നു കട്ടൻ ചായ വാങ്ങിയപ്പോൾ എയർ ഹോസ്റ്റസ് ഡോളറിനു പകരം ബാക്കി തന്നു പറ്റിച്ച തായ്‌ലൻഡ് ബാത്ത് എയർപോർട്ടിൽ നിന്നു മാറ്റിവാങ്ങിയത് ഗുണമായി. 30,000 വിയറ്റ്നാം ഡോങ് കൊടുക്കണം ഒരു സാദാ കാപ്പിക്ക്. നമ്മുടെ നൂറ് രൂപയ്ക്കു തുല്യമായ തുക. ഇന്ത്യൻ രൂപയുടെ അസാമാന്യ മൂല്യം തിരിച്ചറിഞ്ഞ നിമിഷങ്ങൾ...!
മുപ്പതിനായിരം ഡോങ് വിലയുള്ള ചായയും നാൽപ്പതിനായിരത്തിന്‍റെ നൂഡിൽസും നാൽപ്പത്തയ്യായിരത്തിന്‍റെ സാൻഡ്‌വിച്ചും കൂട്ടി ഒരു ലക്ഷത്തി പതിനയ്യായിരം ഡോങ്ങിന്‍റെ ബിൽ.
VK SANJU
എന്‍റെ ഗണിത പരിജ്ഞാനം പരമാവധി പരീക്ഷിക്കപ്പെടാനും ദയനീയമായി പരാജയപ്പെടാനും പോകുന്ന ദിവസങ്ങളാണ് മുന്നോട്ടുള്ളതെന്ന് ആ റെയിൽ പാതയോരത്തു വച്ച് ഞാൻ ഉറപ്പിച്ചു. മുപ്പതിനായിരം ഡോങ് വിലയുള്ള ചായയും നാൽപ്പതിനായിരത്തിന്‍റെ നൂഡിൽസും നാൽപ്പത്തയ്യായിരത്തിന്‍റെ സാൻഡ്‌വിച്ചും കൂട്ടി ഒരു ലക്ഷത്തി പതിനയ്യായിരം ഡോങ്ങിന്‍റെ ബിൽ. പ്ലാസ്റ്റിക് നോട്ടുകളിലെ പൂജ്യത്തിന്‍റെ എണ്ണം കണ്ട് അന്ധാളിച്ചു നിന്ന എന്‍റെ കൈയിൽ നിന്ന് ഒരു ലക്ഷത്തിന്‍റെയും അര ലക്ഷത്തിന്‍റെയും ഓരോ നോട്ടുകൾ സ്വന്തമായി തെരഞ്ഞെടുത്ത് വെയിറ്റർ മടങ്ങിപ്പോയി. തിരിച്ചുവന്ന സമയം കൊണ്ട് ഫോണിലെ കാൽക്കുലേറ്ററിൽ കണക്കുകൂട്ടിയെടുത്തു, ബാക്കി തന്നത് കൃത്യമാണെന്ന് ഉറപ്പാക്കി.
അപ്പോഴേക്കും കൂടുതൽ വെയിറ്റർമാർ ഓടിയെത്തി മേശകൾ മടക്കി താഴെ വച്ചു തുടങ്ങി. ട്രെയിൻ വരാറായിരിക്കുന്നു. മടക്കിവച്ചില്ലെങ്കിൽ മേശകൾ തട്ടിത്തെറിക്കും, ട്രാക്കിനോട് അത്ര അടുത്താണ്. ദൂരെ നിന്ന് അവ്യക്തമായി ഹോൺ മുഴങ്ങുന്നുണ്ട്. ട്രാക്കിനു നടുവിലിട്ട റെഡ് കാർപ്പറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നവർ വശങ്ങളിലേക്ക് ഓടിമാറി, ഉള്ള കസേരകളിൽ ഒതുങ്ങിയിരുന്നു. നമ്മുടെ റെയിൽ പാതകളോളം വീതിയില്ല, മീറ്റർ ഗേജാണ്. എങ്കിലും ട്രെയിൻ എന്ന ഭീമാകാരനായ വാഹനം നിശ്വാസദൂരത്തിൽ ചൂളം വിളിച്ച് അലറിപ്പായുന്ന കാഴ്ച ഒരു ഹൊറർ ത്രില്ലർ പോലെയായിരുന്നു; ആദ്യാനുഭവക്കാർക്ക് ഫോട്ടോ പകർത്താൻ പോലും ധൈര്യം കിട്ടാത്തതു പോലെ ഭീതിജനകമായ ആവേശക്കാഴ്ച.
ഭാഗം 1 - വിയറ്റ്നാമിലെ വ്യാളീമുഖങ്ങൾ
ഭാഗം 2 - ജീവനുള്ള അൾത്താരകൾ
ഭാഗം 3 - ഹാനോയിലെ മില്യനയർ
ഭാഗം 4 - ഭൂതകാലത്തിന്റെ തലസ്ഥാനം
ഭാഗം 5 - പുഴപ്പാതിയിലെ മഴ
ഭാഗം 6 - ബോധിസത്വനും വ്യാളിയും
ഭാഗം 7 - ഗോൾഡൻ ഡ്രാഗൺ
ഭാഗം 8 - വിയറ്റ്നാമിലെ ഗുണാ കേവ്സ്
ഭാഗം 9 - ജലസമാധിയിലെ വ്യാളീമുഖങ്ങൾ