
വിയറ്റ്നാം, ട്രാങ് ആനിലെ തോണി യാത്ര.
VK SANJU
വി.കെ. സഞ്ജു
ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്കും അവിടെനിന്നു സ്വപ്നത്തിലേക്കുമുള്ള യാത്ര പോലെയായിരുന്നു പിന്നെ. അമ്പലവളപ്പിലെ പഞ്ചവർണക്കൊടികൾ പിന്നിട്ട് പുറത്തേക്കിറങ്ങിയാൽ എവിടെയും വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ നക്ഷത്രാങ്കിതമായ ചെങ്കൊടി. വലിയ കുന്നുകൾക്കു മുകളിൽ അരിവാൾ ചുറ്റിക കൊത്തിവച്ചിരിക്കുന്നു. വിശാലമായ ഗ്രാമവീഥികൾ കടന്ന് ട്രാവലർ നിൻ ബിൻ പ്രവിശ്യയുടെ ഏറ്റവും മനോഹരമായ മേഖലയിലേക്കു കടന്നു. ട്രാങ് ആൻ അഥവാ ചാങ് ആനിലെ തോണിയാത്രയാണ് അടുത്ത ലക്ഷ്യം.
യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശം. ചൈനയിൽ ഉദ്ഭവിച്ച് വടക്കൻ വിയറ്റ്നാമിലൂടെ ഒഴുകി ടോങ്കിൻ കടലിടുക്കിൽ പതിക്കുന്ന റെഡ് റിവറിന്‍റെ അവസാന ഭാഗമാണിത്. സമതലങ്ങളിൽ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള എക്കലും കൊണ്ടൊഴുകുന്നതു കൊണ്ടാണ് റെഡ് റിവർ എന്ന പേരു വന്നത്. ഹാനോയിൽ വിമാനമിറങ്ങുന്ന സമയത്തെ കാഴ്ചയിലും വിമാനത്താവളത്തിൽ നിന്നു ഹോട്ടലിലേക്കുള്ള യാത്രയിലുമൊക്കെ പേരിനോടു നീതി പുലർത്തുന്ന നിറം തന്നെയായിരുന്നു നദിക്ക്.
വിയറ്റ്നാം ട്രാങ് ആനിലെ തോണി യാത്ര.
VK SANJU
എന്നാൽ, മലനിരകൾക്കിടയിൽ സങ്കീർണമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പുഴയുടെ ഈ അവസാന ഭാഗത്തിനു നിറം ചുവപ്പല്ല, കടും പച്ചയാണ്. ട്രാങ് ആനിൽ പുഴ കൂടുതൽ മനോഹരിയായിരിക്കുന്നു. ചുവരുകൾ പോലെ കുത്തനെ നിൽക്കുന്ന ചുണ്ണാമ്പുകല്ലുകളുടെ കൂറ്റൻ കെട്ടുകളാണ് ഇവിടത്തെ കുന്നുകൾ. അവ നിലകൊള്ളുന്നത് പുഴയോരത്തല്ല, പുഴയ്ക്കുള്ളിൽ തന്നെയാണ്. വലിയ പാറക്കെട്ടുകളിൽ ചെറുതും വലുതുമായ ഗുഹകൾ. ഇവയിൽ പലതിന്‍റെയും ഉള്ളിലൂടെ തോണി തുഴഞ്ഞു പോകാം. മഴ പെയ്ത് വെള്ളം പൊങ്ങിയിരുന്നതിനാൽ രണ്ടോ മൂന്നോ ഗുഹാ പ്രയാണങ്ങൾ മാത്രം നഷ്ടമായി.
ഒരു ഗുഹയിലൂടെ കടന്ന് അമ്പതോ അറുപതോ മീറ്റർ തുഴഞ്ഞു നീങ്ങുമ്പോൾ അതു തുറക്കുന്നത് പ്രകൃതി സൗന്ദര്യത്തിന്‍റെ മറ്റൊരു തലത്തിലേക്കാവും. പുഴ മറ്റേതൊക്കെയോ വഴികളിലൂടെ സ്വച്ഛമായൊഴുകി അവിടെ വീണ്ടും ഇണയുമായി സംഗമിച്ച് യാത്രികരെ വരവേൽക്കും.
തോണിക്കാരിലേറെയും സ്ത്രീകളാണ്. നോൻ ലാ എന്നറിയപ്പെടുന്ന പരമ്പരാഗത വിയറ്റ്നാമീസ് തൊപ്പി വച്ച്, ഇളംപച്ച യൂണിഫോമണിഞ്ഞ തുഴച്ചിൽക്കാർ. നോൻ എന്നാൽ തൊപ്പി എന്നും ലാ എന്നാൽ ഇല എന്നും അർഥം. അക്ഷരാർഥത്തിൽ ഇലത്തൊപ്പി തന്നെ. ഈറയും മുളയും പനയോലയും തെങ്ങോലയും വാഴയിലയുമൊക്കെ ഇതിന്‍റെ നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.
വിയറ്റ്നാം, ട്രാങ് ആനിലെ തോണി യാത്ര.
VK SANJU
രണ്ടര മണിക്കൂർ നീളുന്ന തോണി യാത്രയുടെ പുഴപ്പാതിയിൽ മഴ വന്നു. തോണിയിൽ ചുരുക്കിവച്ചിരുന്ന വലിയ കുടകൾ എല്ലാവരും നിവർത്തിത്തുടങ്ങി. പക്ഷേ, ഗുഹകളിലൂടെ കടക്കുമ്പോൾ അതു മടക്കുക മാത്രമല്ല, യാത്രക്കാർ പരമാവധി കുനിഞ്ഞിരിക്കേണ്ടിയും വരും. ഗുഹയ്ക്കുള്ളിലാവുമ്പോൾ നനയില്ലെന്നു കരുതരുത്. ചുണ്ണാമ്പ് കല്ലുകൾക്കിടയിലൂടെ ഊറി വീഴുന്ന വെള്ളം മഴയെക്കാൾ കരുത്തോടെ തോണിക്കാർക്കു മീതേ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു.
കുട പിടിക്കാനും കുനിയാനുമെല്ലാമുള്ള ഇൻസ്ട്രക്ഷനുകൾ കൃത്യമായി കിട്ടിക്കൊണ്ടിരുന്നെങ്കിലും തോണിക്കാരിയുമായുള്ള ആശയവിനിമയം തീരെ ശുഷ്കമായിരുന്നു. പിന്നിൽ നിന്നു തോണ്ടിവിളിച്ചാണ് ആംഗ്യഭാഷയിൽ പല നിർദേശങ്ങളും തരുന്നത്. അങ്ങനെയൊരു ശ്രദ്ധക്ഷണിക്കലിന്‍റെ വിരലറ്റത്ത് തോണിക്കാരിയുടെ ശബ്ദം മുഴങ്ങി, ''കിങ് കോങ്... കിങ് കോങ്....'' കിങ് കോങ് സിനിമാ പരമ്പരയിലെ സ്കൾ ഐലൻഡ് ചിത്രീകരിച്ച ലൊക്കേഷനാണ് ആ തുരുത്തെന്നു പിന്നീട് മനസിലായി.
വിയറ്റ്നാം, ട്രാങ് ആനിലെ തോണി യാത്ര.
VK SANJU
''ബേഡ്... ബേഡ്...'' എന്നു ശബ്ദമുയരുന്നതു കേട്ടു നോക്കുമ്പോൾ, ചിറകുവിരിച്ച ഭീമൻ പക്ഷിയുടെ രൂപത്തിൽ ഒരു കൂറ്റൻ പാറക്കെട്ട്. തോണിക്കാരി പിന്നെയും തോണ്ടിവിളികൾ തുടർന്നു, ഫോട്ടോകൾ എടുക്കാൻ ആംഗ്യഭാഷയിൽ നിർബന്ധിച്ചു കൊണ്ടിരുന്നു. അവർ എടുത്തു തന്നെ ഫോട്ടോയ്ക്ക് തംബ്സ് അപ്പ് കാണിച്ചപ്പോൾ മറുപടിയായി നിറഞ്ഞ ചിരി. അടുത്തുകൂടി പോകുന്ന മറ്റു തോണിക്കാരികളുമായി ഉച്ചത്തിൽ വിശേഷങ്ങൾ പങ്കുവച്ചാണ് യാത്ര. ഇടയ്ക്ക് രണ്ടോ മൂന്നോ യന്ത്രത്തോണികളും കാണാനായി. അതിലെല്ലാം രണ്ടു പേർ വീതമാണ്. ആ പുഴയിൽ വീഴുന്ന മാലിന്യങ്ങൾ അപ്പപ്പോൾ കോരി മാറ്റുന്നതാണ് അവരുടെ ജോലി.
പുഴയിലേക്ക് വേരുകളാഴ്ത്തി നിൽക്കുന്ന കുന്നുകൾ. അവയിലൊക്കെയും നിബിഢമായി വളർന്നു നിൽക്കുന്ന വൃക്ഷലതാദികൾ. അങ്ങിങ്ങായുള്ള തുരുത്തുകളിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം. തുരുത്തുകളിലിറങ്ങി ഫോട്ടോ പകർത്തുന്നവർ. പുഴയിലെ മടുപ്പില്ലാത്ത തോണിക്കാഴ്ചകൾക്കൊടുവിൽ താങ്ങാനാവാത്ത കടുപ്പത്തിൽ ഓരോ വിയറ്റ്നാം കോഫിയും കുടിച്ച് അടുത്ത ലക്ഷ്യത്തിലേക്ക്.
കിങ് കോങ് സിനിമാ പരമ്പരയിലെ സ്കൾ ഐലൻഡ് ചിത്രീകരിച്ച ലൊക്കേഷൻ.
VK SANJU
ഭാഗം 1 - വിയറ്റ്നാമിലെ വ്യാളീമുഖങ്ങൾ
ഭാഗം 2 - ജീവനുള്ള അൾത്താരകൾ
ഭാഗം 3 - ഹാനോയിലെ മില്യനയർ
ഭാഗം 4 - ഭൂതകാലത്തിന്റെ തലസ്ഥാനം
ഭാഗം 5 - പുഴപ്പാതിയിലെ മഴ
ഭാഗം 6 - ബോധിസത്വനും വ്യാളിയും
ഭാഗം 7 - ഗോൾഡൻ ഡ്രാഗൺ
ഭാഗം 8 - വിയറ്റ്നാമിലെ ഗുണാ കേവ്സ്
ഭാഗം 9 - ജലസമാധിയിലെ വ്യാളീമുഖങ്ങൾ