
വിയറ്റ്നാം കറൻസി - അമ്പതിനായിരം മുതൽ അഞ്ച് ലക്ഷം ഡോങ് വരെയുള്ള നോട്ടുകൾ.
വി.കെ. സഞ്ജു
ട്രെയിൻ സ്ട്രീറ്റിൽ നിന്നു കഴിച്ച നൂഡിൽസിൽ അന്നത്തെ ഉച്ചഭക്ഷണം ഒതുക്കി. ഹോട്ടലിൽ ചെക്കിൻ ചെയ്ത സമയത്തു തന്നെ കുറച്ച് ഡോളർ കൊടുത്ത് വിയറ്റ്നാം ഡോങ് വാങ്ങി. അതുവരെ ചോദിച്ച ഒരു കടയിലും കാർഡ് സ്വീകരിച്ചിട്ടില്ല, ഡോളറും ആർക്കും വേണ്ട! ഇതിനിടെ ലാം തനിക്കുള്ള ടിപ്പ് ചോദിച്ചുവാങ്ങി. അതവിടെ പതിവാണ്, എല്ലാത്തിനും ടിപ്പുണ്ട്, അതിനു കൃത്യമായ റേറ്റും!
പെട്ടിക്കടകൾ പോലെ എവിടെയും കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ കാണാം. ഒരു ഡോളർ കൊടുത്താൽ 25,000 ഡോങ് കിട്ടും. ഡാമേജുണ്ടെന്നു പറഞ്ഞ് ഹോട്ടലിൽ മാറ്റി തരാതിരുന്ന ഡോളർ നോട്ടുകൾ കൂടി പുറത്തുനിന്ന് മാറ്റിയെടുത്തു. അഞ്ച് ലക്ഷത്തിന്‍റെയൊക്കെ ഒറ്റ നോട്ടുമുണ്ട് കൂട്ടത്തിൽ.
''നിങ്ങളിപ്പോൾ മില്യനയർ ആയിരിക്കുന്നു'', ലക്ഷങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ എക്സ്ചേഞ്ചിലെ സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു. എക്സ്ചേഞ്ചിനൊപ്പം ട്രാവൽ ഏജൻസി കൂടി നടത്തുന്നുണ്ടവർ. അവിടെ നിന്ന് ടൂർ പാക്കേജ് ബുക്ക് ചെയ്യാത്തതിന് പരിഭവവും പറഞ്ഞു. അവിടെ ചെന്ന് പാക്കേജുകൾ ബുക്ക് ചെയ്യുന്നതും ലാഭമാണെന്ന് പരസ്യങ്ങൾ കണ്ടപ്പോൾ തോന്നി.
ഉച്ചയ്ക്ക് മെനുവിൽ കണ്ട ഭക്ഷണ ഇനങ്ങളൊന്നും അത്ര ബോധിച്ചിരുന്നില്ല. കാപ്പിയിലും ബിയറിലും വരെ മുട്ട ചേർക്കുന്നതാണ് രീതി. വഴിയോരക്കച്ചവടക്കാർ മിക്കവരും പുഴുങ്ങിയ മുട്ട ഭംഗിയായി മുറിച്ച് വിൽക്കാൻ വച്ചിരിക്കുന്നു. പരീക്ഷണങ്ങൾക്കു സമയമായിട്ടില്ലെന്നു തോന്നിയതിനാൽ അന്ന് ഇന്ത്യൻ ഭക്ഷണം തന്നെ മതിയെന്നായിരുന്നു തീരുമാനം.
യാത്രയ്ക്കു മുൻപേ റോമിങ് ആക്റ്റിവേറ്റ് ചെയ്തിരുന്നെങ്കിലും അബദ്ധത്തിൽ പ്ലാൻ മാറിപ്പോയി. പക്ഷേ, ഇന്‍റർനെറ്റ് കണക്ഷൻ കിട്ടാൻ ബുദ്ധിമുട്ടിയില്ല. നഗരപ്രദേശങ്ങളിൽ ഏതെങ്കിലുമൊക്കെ സ്ഥാപനങ്ങളുടെ ഫ്രീ വൈഫൈ കിട്ടും. അതും നോക്കി പോയപ്പോൾ ഇന്ത്യൻ റെസ്റ്ററന്‍റുകൾ ഇഷ്ടംപോലെ. എങ്കിലും ഹാനോയ് തെരുവുകൾ കണ്ട് കുറച്ചധികം നടന്നു. വഴിയരികിൽ വച്ച് മത്സ്യവും മാംസവുമെല്ലാം വെട്ടിക്കഴുകുന്നുണ്ട്. എന്നിട്ടുപോലും നല്ല വൃത്തിയാണ് തെരുവുകൾക്ക്. ദുർഗന്ധമോ മാലിന്യങ്ങളോ ഇല്ല. വഴിയോരക്കടകളിൽ കോഴിയെയും താറാവിനെയുമൊക്കെ തൊലിയുരിച്ച് തല കളയാതെ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിലയിടത്ത് നീരാളികളെ കമ്പിയിൽ കോർത്ത് വറുക്കാൻ വച്ചിരിക്കുന്നു.
ഫുട്ട് പാത്തുകളിൽ നടക്കാൻ സ്ഥലം കുറവാണ്. ചെറിയ ഭക്ഷണശാലകൾക്കു മുന്നിൽ ചെറിയ ഇരിപ്പിടങ്ങൾ നിരത്തിയിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് ഇരിക്കാനുള്ളതു പോലെ തീരെ പൊക്കമില്ലാത്ത പ്ലാസ്റ്റിക് സ്റ്റൂളുകൾ. അതിലിരുന്നാണ് അവർ ഭക്ഷണം കഴിക്കുന്നത്. മിക്കവരുടെയും കൈയിൽ വലിയ സൂപ്പ് ബൗളുകൾ. സൂപ്പ് പോലെയുള്ള നൂഡിൽസാണ്. അതിൽ ചിക്കനോ ബീഫോ പോർക്കോ വേവിച്ചത് നീളത്തിൽ അരിഞ്ഞിട്ടിട്ടുണ്ടാവും. ശ്രദ്ധയോടെ നീളത്തിൽ കീറിയെടുത്ത ഇലകൾ പുഴുങ്ങി ഇട്ടിരിക്കുന്നു. ചോപ്പ് സ്റ്റിക്ക് കൊണ്ടാണ് കഴിക്കുക. ബ്രോത്ത് കോരിക്കുടിക്കാൻ സൂപ്പ് സ്പൂൺ. കുടിക്കാൻ വെള്ളത്തിനു പകരം മിക്കവരുടെയും അടുത്ത് ബിയർ ക്യാനുകൾ.
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ ഒരു തെരുവോരക്കാഴ്ച.
MV
മുട്ടയും മാംസവും ബിയറും സമൃദ്ധമായ മെനുവാണെങ്കിലും പൊതുവേ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണ് വിയറ്റ്നാംകാർ. അതിൽനിന്നു വ്യത്യസ്തരായ ഒരുപാട് ആളുകളെ ഒന്നിച്ചു കാണുന്നത് ഇന്ത്യൻ റെസ്റ്ററന്‍റിലാണ്. അവിടത്തെ മെനു ഇന്ത്യയുടെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള ഭക്ഷ്യവൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. മസാല ദോശ മുതൽ ആലു പറാഠ വരെയുണ്ട്. ഒരു ജമ്മു കശ്മീരുകാരനാണ് റസ്റ്ററന്‍റ് ഉടമ. ഇടുങ്ങിയ സ്ഥലത്ത് എല്ലാ ടേബിളിലും ചെന്ന് ഭക്ഷണത്തിന്‍റെ രുചിവിവരങ്ങളും, ഇന്ത്യക്കാരെ കാണുമ്പോൾ നാട്ടുവിശേഷങ്ങളും തിരക്കുന്നുണ്ട്. തലവച്ചാൽ പെട്ടെന്ന് ഊരിപ്പോരാൻ പറ്റില്ലെന്നു തോന്നിയതുകൊണ്ട് ഹിന്ദി അധികം പ്രയോഗിക്കാൻ നിന്നില്ല. മൂന്നു പേരുടെ ബിൽ രണ്ടു രണ്ടര ലക്ഷം ഡോങ് ആയി. സാരമില്ല, എണ്ണൂറ്റിച്ചില്വാനം രൂപയേ ആയിട്ടുള്ളൂ!
ഇതിനിടെ പിറ്റേന്നത്തെ ഗൈഡ് ജേഡന്‍റെ വാട്ട്സാപ്പ് സന്ദേശം വന്നു. അടുത്ത ദിവസം രാവിലെ ഏഴരയ്ക്കു പുറപ്പെടണം. ഒന്നോ രണ്ടോ മണിക്കൂർ നീട്ടാൻ പറഞ്ഞിട്ട് ജേഡൻ സമ്മതിക്കുന്നില്ല. വൈകിയാൽ ലൊക്കേഷനുകളെല്ലാം കവർ ചെയ്യാൻ പറ്റില്ല. എയർപോർട്ടിൽ നിന്നു വന്നതു പോലെ പ്രൈവറ്റ് ടാക്സിയല്ല, കുറച്ചധികം പേർ ഒരുമിച്ചു പോകുന്ന കോച്ചിലായിരിക്കും യാത്ര.
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലെ ഒരു തെരുവോരക്കാഴ്ച.
VK SANJU
ഭാഗം 1 - വിയറ്റ്നാമിലെ വ്യാളീമുഖങ്ങൾ
ഭാഗം 2 - ജീവനുള്ള അൾത്താരകൾ
ഭാഗം 3 - ഹാനോയിലെ മില്യനയർ
ഭാഗം 4 - ഭൂതകാലത്തിന്റെ തലസ്ഥാനം
ഭാഗം 5 - പുഴപ്പാതിയിലെ മഴ
ഭാഗം 6 - ബോധിസത്വനും വ്യാളിയും
ഭാഗം 7 - ഗോൾഡൻ ഡ്രാഗൺ
ഭാഗം 8 - വിയറ്റ്നാമിലെ ഗുണാ കേവ്സ്
ഭാഗം 9 - ജലസമാധിയിലെ വ്യാളീമുഖങ്ങൾ