വിയറ്റ്നാമിൽ ഗോൾഡൻ ഡ്രാഗൺ ഇറങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന ഹാ ലോങ് - ഒരു വിദൂര ദൃശ്യം.

 

VK SANJU

Lifestyle

ഗോൾഡൻ ഡ്രാഗൺ: വിയറ്റ്നാം യാത്രാവിവരണം - 7

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന, കമ്യൂണിസവും വിശ്വാസവും കൈകോർത്തു കഴിയുന്ന നാട്. യുദ്ധകലുഷിതമായ ഭൂതകാലം മറഞ്ഞുകിടക്കുന്ന ശാന്തമായൊരു രാജ്യം. വിയറ്റ്നാം യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും...

വി.കെ. സഞ്ജു

ഹാ എന്നാൽ ഡ്രാഗൺ എന്നർഥം; ലോങ് എന്നാൽ ഇറങ്ങുക; നോയ് എന്നാൽ ഉയരുക. അതായത്, ഡ്രാഗൺ ഇറങ്ങിയ സ്ഥലം ഹാ ലോങ്, ഉയർന്നുപൊങ്ങിയ സ്ഥലം ഹാ നോയ്. വിയറ്റ്നാംകാരുടെ മനസിൽ ചരിത്രം പോലെ പതിഞ്ഞുകിടക്കുന്ന ഒരു മിത്താണ് ഹാലോങ്ങിൽ ഇറങ്ങിയ ഗോൾഡൻ ഡ്രാഗൺ.

റെഡ് റിവർ ഡെൽറ്റയിൽ തോണി തുഴഞ്ഞു കണ്ട കൊച്ചു കുന്നുകളുടെ അതിവിശാല രൂപമാണ് ഹാലോങ്ങിൽ കാത്തിരുന്നത്. ചുവന്ന നദി പൂർണമായി വിലയം പ്രാപിച്ചുകഴിഞ്ഞ കടലിടുക്ക്. അതിൽ ചിതറിക്കിടക്കുന്ന രണ്ടായിരത്തോളം ചുണ്ണാമ്പുകൽത്തുരുത്തുകൾ. അമ്പത് കോടി വർഷം പഴക്കമുള്ളവയാണ് ഈ പടുകൂറ്റൻ ചുണ്ണാമ്പുകല്ലുകൾ.

സ്വാഭാവികമായി രൂപംകൊണ്ട വിചിത്രരൂപങ്ങളും ഗുഹകളും ബീച്ചുകളുമെല്ലാമടങ്ങുന്ന നിഗൂഢ ലോകങ്ങളാണ് ഇതിലെ ഓരോ തുരുത്തും. തോണിയിലല്ല, ഇത്തവണ വലിയൊരു ബോട്ടിലാണ് യാത്ര. കാഴ്ചയിൽ ക്രൂസ് ഷിപ്പ് പോലെ തോന്നിക്കുന്ന, ക്രൗൺ ലെജൻഡ് എന്നു പേരുള്ള ബോട്ട്. കപ്പലുകളിലേതു പോലെ വിശാലമായ ഡൈനിങ് ഹാളും, ബാറും, താമസിക്കാൻ ബാൽക്കണിയുള്ള മുറികളും ഒക്കെയായി ഒരു ഒഴുകുന്ന കൊട്ടാരം.

ബോട്ടിന്‍റെ ക്യാപ്റ്റൻ ഡാം കണ്ണുകളടച്ച് ഒരു ധ്യാനത്തിലെന്ന പോലെ, ഡ്രാഗൺ വന്നതും പോയതുമായ കഥകളൊക്കെ കോളർ മൈക്കിലൂടെ പങ്കുവച്ചുകൊണ്ടിരുന്നു. പാതിയും മനസിലായില്ല, അതുകൊണ്ട് ബാക്കി ശ്രദ്ധിച്ചതുമില്ല. മൂന്നു നേരം ഭക്ഷണം ഈ ബോട്ടിൽ തന്നെയാണ്. പക്ഷേ, ഭക്ഷണവും വിശ്രമവുമായി കുന്നും കടലും കണ്ട് വിശ്രമിക്കാനൊന്നും ഡാം ആരെയും വിടുന്നില്ല. ഇടയ്ക്കിടെ മദർ ബോട്ട് അവിടവിടെ ഡോക്ക് ചെയ്ത് ഒപ്പമുള്ള ചെറു ബോട്ടുകളിലേക്ക് ആളുകളെ കയറ്റും.

വിയറ്റ്നാമിലെ ഹാ ലോങ് ബേയിൽ ക്രൂസ് ബോട്ടിന്‍റെ രാത്രി ദൃശ്യം.

തിരക്കേറിയ ഒരു ബീച്ചിലായിരുന്നു ആദ്യ ലാൻഡിങ്. മാലദ്വീപിനെയോ ലക്ഷദ്വീപനെയോ ഒക്കെ ഓർമിപ്പിക്കുന്ന തരത്തിൽ വെളുത്ത പഞ്ചസാര മണലും, അടിത്തട്ട് കാണത്തക്കവിധം തെളിമയുള്ള ഇളം നീലം വെള്ളവും. ബീച്ചിലേക്കു വേരാഴ്ത്തി വിലങ്ങനെ നിൽക്കുന്ന കുന്ന്. അതിന്‍റെ ചുവട്ടിലെ ഗുഹകളിൽ കോഫി ഷോപ്പുകളും ലഘുഭക്ഷണശാലകളും പ്രവർത്തിക്കുന്നുണ്ട്.

ബീച്ചിലെ തിരക്കിൽനിന്നു രക്ഷപെട്ട് വീണ്ടും ബോട്ടിലേക്ക്. കുറച്ചുകൂടി പരന്ന ഒരു തുരുത്തിലാണ് പിന്നെ കൊണ്ടു നിർത്തുന്നത്. അവിടെനിന്ന് കയാക്കിങ്ങിനു പോകാം. പക്ഷേ, ഇക്കുറി തുഴച്ചിലൊക്കെ തനിയേ വേണം. കയാക്കിൽ ഗുഹകൾ കടന്നുപോകുന്നത് തുഴച്ചിൽ അറിയാത്തവർക്ക് സാഹസം തന്നെയാണ്. പക്ഷേ, ഗുഹകൾ കടന്നു ചെന്നാൽ മലകളാൽ ചുറ്റപ്പെട്ട പുതിയ ലോകങ്ങൾ കാണാം. കയറാനും ഇറങ്ങാനും ഇടുങ്ങിയ ഒരൊറ്റ ജലപാത മാത്രം.

കടലിടുക്കിൽ ചിതറിക്കിടക്കുന്ന രണ്ടായിരത്തോളം ചുണ്ണാമ്പുകൽ തുരുത്തുകൾ. അമ്പത് കോടി വർഷം പഴക്കമുള്ളവയാണ് ഈ പടുകൂറ്റൻ ചുണ്ണാമ്പുകല്ലുകൾ.

ഗോവ ഗേൾസ്

''നാനാ... നാനാ...''

ഉണർന്നാൽ പിന്നെ ഒരു സെക്കൻഡ് പോലും അടങ്ങിയിരിക്കാത്ത രണ്ടര വയസുകാരൻ ദക്ഷ് പിന്നെയും മിസ്സിങ്ങാണ്. മകന്‍റെ ചെല്ലപ്പേര് ഉച്ചത്തിൽ വിളിച്ചുകൊണ്ട് അമ്മ ഭക്ഷണത്തിനുള്ള ക്യൂവിൽനിന്നിറങ്ങി പിന്നിലേക്കു നടന്നു. ചെക്കനെയും തൂക്കിയെടുത്ത് തിരിച്ചുവരുമ്പോൾ ക്രൂസ് ബോട്ടിലെ ക്യൂവിൽ പുതിയ ആളുകൾ ഇടംപിടിച്ചു കഴിഞ്ഞു. എട്ടു പേരുടെ ഒരു സംഘം - ഗോവ ഗേൾസ് എന്നാണ് ഞങ്ങളവരെ വിളിച്ചത്. എല്ലാവർക്കും പ്രായം 55-65 റേഞ്ചിൽ. റിട്ടയേർഡ് നർത്തകിമാരാണ്, ഗോവയിൽ നിന്ന് വിയറ്റ്നാം കാണാൻ വന്നവർ.

നാനായുടെ അമ്മയ്ക്ക് ആ അധിനിവേശം തീരെ പിടിച്ചിട്ടില്ലെന്ന് മുഖം കണ്ടാലറിയാം. ക്യൂവിൽ മുന്നിൽ കയറിയെങ്കിലും ഭക്ഷണത്തെക്കുറിച്ച് ഗോവ ഗേൾസിനു പരാതിയാണ്. ''തീരെ വെറൈറ്റിയില്ല, ഇതൊക്കെ ഞങ്ങടെ ഗോവയിലുമുള്ളതാണ്''.

വിയറ്റ്നാം ഹാ ലോങ് ബേ ക്രൂസിൽ നിന്നുള്ള കാഴ്ച.

പക്ഷേ, കാര്യമായി മസാലകളില്ലാത്ത സീഫുഡും, ആവിയിൽ പുഴുങ്ങിയതു പോലുള്ള ബീഫും, തേനിൽ കുതിർന്ന പോർക്ക് ഫ്രൈയുമൊന്നും നാനാ കഴിക്കില്ല. അവർ കുടുംബമായിട്ട് വെജിറ്റേറിയനാണെന്ന് അവന്‍റെ അമ്മ പറഞ്ഞു. ഡൈനസോറിന്‍റെ ഫാനായ നാനായുടെ കൈയിൽ എപ്പോഴും ഒരു ഡൈനോ പാവയുണ്ടാകും. അതിനെ അനുകരിച്ച് അവൻ മുഴക്കുന്ന ഗർജനങ്ങൾ പലപ്പോഴും ഗോവ ഗേൾസിന്‍റെ റീൽസ് ഷൂട്ടിങ് തടസപ്പെടുത്തി.

സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ആഘോഷങ്ങളായിരുന്നു അവരുടെ ആഹ്ളാദനിമിഷങ്ങളോരോന്നും. ഇൻസ്റ്റന്‍റായി സ്റ്റെപ്പുകളിട്ട് മിനിറ്റുകൾ കൊണ്ട് അവർ പ്രൊഫഷണലായി ചുവടുകൾ വച്ച് റീലുകളെടുത്തു. രാത്രി ബോട്ടിന്‍റെ ഡെക്കിലെ കോക്ക്‌ടെയിൽ ബാറിനു മുന്നിൽ യാത്രക്കാരികൾ മുഴുവൻ ആ ഗോവ ഗ്യാങ്ങിൽ അംഗങ്ങളായി മാറി. അവർക്കു നൃത്തം ചെയ്യാൻ ആ വിശാലത പോരെന്നായി. അറിയാതെ അരികുകളിലേക്ക് പിന്തള്ളപ്പെട്ട പുരുഷപ്രജകൾക്ക് ആശ്വാസം പോലെ പെട്ടെന്നൊരു മഴ ചാറി വന്നു. നൃത്തം മതിയാക്കി എല്ലാവരും പിരിയാനാഞ്ഞു. പിണക്കം മറന്ന നാനായുടെ അമ്മ ഗോവ ഗേൾസിനു ശുഭരാത്രി നേർന്നു.

വിയറ്റ്നാം ഹാ ലോങ് ബേ ക്രൂസിൽ നിന്നുള്ള കാഴ്ച.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു